നെയ്മർ: പി.എസ്.ജി റയലിന്റെയും ബാഴ്‌സയുടെയും ഓഫർ തള്ളി
ഫിലിപ്പ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ, കൗമാരതാരം ഷോൻ ക്ലെയർ തോദിബോ എന്നിവരെയും 90 ദശലക്ഷം യൂറോയും നൽകിയാൽ നെയ്മറിനെ കൈമാറാം എന്നാണ് പി.എസ്.ജി
പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനു വേണ്ടി സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും സമർപ്പിച്ച ബിഡ്ഡുകൾ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി തള്ളി. നൂറ് ദശലക്ഷം യൂറോയും (795 കോടി രൂപ) ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടിന്യോയെയും നൽകാമെന്ന ബാഴ്‌സയുടെ വാഗ്ദാനവും, പണത്തിനു പുറമെ ഗരത് ബെയ്‌ലിനെയും ഹാമിസ് റോഡ്രിഗസിനെയും നൽകാമെന്ന റയലിന്റെ ഓഫറുമാണ് പി.എസ്.ജി നിരസിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സ വിട്ട് പി.എസ്.ജിയിൽ ചേർന്ന നെയ്മറിനെ 180 ദശലക്ഷം നൽകിയാലേ വിട്ടുനൽകൂ എന്നാണ് പി.എസ്.ജിയുടെ നിലപാട്. ട്രാൻസ്ഫർ കാലയളവ് അവസാനിക്കാനിരിക്കെ, താരത്തെ എങ്ങനെയും വിൽക്കുക എന്ന ലക്ഷ്യമാണ് ഫ്രഞ്ച് ക്ലബ്ബിന്റെ മാനേജ്‌മെന്റിനുള്ളത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മുഴുവൻ പണവും നൽകി നെയ്മറിനെ വാങ്ങാൻ ആരും തയ്യാറായിട്ടില്ല.
ഫിലിപ്പ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ, കൗമാരതാരം ഷോൻ ക്ലെയർ തോദിബോ എന്നിവരെയും 90 ദശലക്ഷം യൂറോയും നൽകിയാൽ നെയ്മറിനെ കൈമാറാം എന്നാണ് പി.എസ്.ജി നിലപാടെടുത്തത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ വ്യവസ്ഥത സ്പാനിഷ് ചാമ്പ്യന്മാർക്ക് സ്വീകാര്യമായില്ല.
കോച്ച് സൈനദിൻ സിദാന് അനഭിമതനായ സ്‌ട്രൈക്കർ ഗാരത് ബെയ്ൽ, മിഡ്ഫീൽഡർ ഹാമിസ് റോഡ്രിഗസ് എന്നിവർക്കു പുറമെ പണവും നൽകാമെന്നായിരുന്നു റയലിന്റെ ഓഫർ. എന്നാൽ, യുവതാരം വിനീഷ്യസ് ജൂനിയറിനെ കൂടി നൽകണമെന്ന് പി.എസ്.ജി ആവശ്യപ്പെട്ടു. ഇത് റയലിന് സ്വീകാര്യമായിരുന്നില്ല. ബാഴ്‌സയേക്കാൾ നെയ്മറിനെ സ്വന്തമാക്കാൻ സാധ്യത റയൽ ആണെന്ന് ബി.ബി.സി റേഡിയോ 5-ന്റെ ഫുട്‌ബോൾ വിദഗ്ധൻ ഗില്ലം ബലേഗ് പറയുന്നു.
പി.എസ്്.ജിയിൽ തുടർന്നും കളിക്കുക നെയ്മറിന് അസാധ്യമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക. ഞായറാഴ്ച പുതിയ സീസണിലെ പി.എസ്.ജിയുടെ ആദ്യമത്സരത്തിനെത്തിയ കാണികൾ 'നെയ്മർ സ്ഥലംവിടുക' എന്നെഴുതിയ ബാനറുകൾ പിടിച്ചിരുന്നു.