ബില്‍ബാവോക്കെതിരെ മെസിയെ കളിപ്പിക്കില്ലെന്ന് ബാഴ്സ പരിശീലകന്‍
സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന പരിശീലനത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്.
ലാ ലിഗയില്‍ അത്‍ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ കളിപ്പിക്കില്ലെന്ന് ബാഴ്‍സലോണ പരിശീലകന്‍ ഏണസ്റ്റോ വെൽവെർദെ. കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത സാഹചര്യത്തില്‍ ബില്‍ബാവോക്കെതിരെ മെസിയെ കളത്തിലിറക്കി സാഹസത്തിന് മുതിരുന്നില്ലെന്ന് വെൽവെർദെ പറഞ്ഞു.
സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന പരിശീലനത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. അവധിക്ക് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ മെസിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്കേല്‍ക്കുകയായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം കഴിഞ്ഞ ദിവസമാണ് മെസി ക്ലബ്ബിനൊപ്പം ചേര്‍ന്നത്. പിന്നാലെ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വേദന അനുഭവപ്പെട്ട ഉടനെ പരിശീലനം അവസാനിപ്പിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ മെസിക്ക് ബില്‍ബാവോക്കെതിരെ കളിക്കാന്‍ കഴിയില്ലെന്നും താരത്തിന്റെ ഫിറ്റ്നെസ് വെച്ച് ചൂതാടാന്‍ കഴിയില്ലെന്നും പരിശീലകന്‍ വ്യക്തമാക്കി. ഒരു കളിക്കാരനെ വെച്ചും സാഹസത്തിന് മുതിരാന്‍ കഴിയില്ലെന്നും മെസിയുടെ കാര്യത്തില്‍ അതിനൊട്ടും കഴിയില്ലെന്നും വെൽവെർദെ കൂട്ടിച്ചേര്‍ത്തു.