ഗോള്‍കീപ്പറടക്കം ഏഴു താരങ്ങളെ കബളിപ്പിച്ച് നേടിയ അത്ഭുതഗോള്‍
ഇവരുടെ മാന്ത്രിക ഗോളുകള്‍ക്ക് സമാനമായ ഗോള്‍ നേടിയ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയന്‍ താരം ആന്‍ഡേഴ്സന്‍ ഡയസ്.
എതിരാളിയെ വെട്ടിയൊഴിഞ്ഞും റോക്കറ്റ് വേഗത്തില്‍ കുതിച്ചും ഇടക്ക് പിന്‍വലിഞ്ഞും വെടിയുണ്ട കണക്കിനുള്ള ഷോട്ടുകള്‍ വലയിലേക്ക് ഉതിര്‍ക്കുന്ന ലോകോത്തര ഫുട്ബോള്‍ താരങ്ങളോട് എന്നും കാല്‍പ്പന്ത് പ്രേമികള്‍ക്ക് ആരാധനയാണ്.
മെസിയും റൊണാള്‍ഡോയും നെയ്മറുമൊക്കെ ഈ കാലത്തെ ഫുട്ബോള്‍ മാന്ത്രികന്‍മാരായിരിക്കെ പ്രതിഭ കൊണ്ട് വിസ്മയിപ്പിക്കുകയാണ് കൊളംബിയയില്‍ നിന്നുള്ള ഒരു യുവ താരം. മെസിയും നെയ്മറുമൊക്കെ നേടിയ വിസ്മയിപ്പിക്കുന്ന ഗോളുകള്‍ അവിശ്വസനീയതയോടെ കണ്ടിരുന്നിട്ടുണ്ടാകും നമ്മള്‍. ഇവരുടെ മാന്ത്രിക ഗോളുകള്‍ക്ക് സമാനമായ ഗോള്‍ നേടി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയന്‍ താരം ആന്‍ഡേഴ്സന്‍ ഡയസ്.
കൊളംബിയന്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പിലാണ് ഡയസിന്റെ കിടിലന്‍ ഗോള്‍ പിറന്നത്. മത്സരത്തിന്റെ 55 ാം മിനിറ്റില്‍ മൈതാനത്തിന്റെ പകുതിയില്‍ നിന്ന് ലഭിച്ച പന്തുമായി ഡയസ് എതിരാളിയുടെ ഗോള്‍മുഖത്തേക്ക് കുതിച്ചു. പ്രതിരോധിക്കാന്‍ വന്ന അഞ്ച് താരങ്ങളെ അസാമാന്യ മെയ്‍വഴക്കത്തോടെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ ഡയസ്, പെനാല്‍റ്റി ബോക്സിലേക്ക് ഞൊടിയിടയിലാണ് പറന്നെത്തിയത്. ഡയസിനെ വെട്ടാനുള്ള വെഗ്രതയില്‍ ഓടിയെത്തിയ ഗോള്‍കീപ്പറെയും ഈ കൊളംബിയന്‍ താരം കബളിപ്പിച്ചു. ഗോള്‍കീപ്പറെ മറികടന്ന ഡയസ്, ഗോള്‍മുഖത്തെ അവസാന എതിരാളിയെയും നിഷ്പ്രഭനാക്കി ദൌത്യം പൂര്‍ത്തിയാക്കി.