നെയ്മര്‍ ബാഴ്സയിലേക്ക് ? സ്വന്തമാക്കാതെ ലോണില്‍ കളിപ്പിക്കാന്‍ നീക്കം
ബാഴ്സയില്‍ നിന്ന് കുട്ടീഞ്ഞോ, ജര്‍മന്‍ ടീമായ ബയേണിലേക്ക് ലോണില്‍ പോയതിന് പിന്നാലെയാണ് ബ്രസീലിയന്‍ താരത്തിന് വേണ്ടി ബാഴ്സ ലോണ്‍ കാര്‍ഡ് ഇറക്കുന്നത്.
പകരക്കാരനെ കിട്ടാതെ നെയ്മറെ വേറെ എവിടേക്കും വിടില്ലെന്ന പി.എസ്.ജി പരിശീലകന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബ്രസീലിയന്‍ താരത്തിന് വേണ്ടി പുതിയ നീക്കങ്ങളുമായി ബാഴ്സലോണ. പകരക്കാരന് പുറമെ വന്‍തുക മുടക്കി നെയ്മറെ സ്വന്തമാക്കുകയെന്നത് ദുഷ്കരമായതു കൊണ്ട് തന്നെ കാനറി താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബാഴ്സയുടെ നീക്കം.
ഒരു സീസണ്‍ മൊത്തം നെയ്മറെ ലോണില്‍ കളിപ്പിച്ച ശേഷം അടുത്ത സീസണില്‍ സ്ഥിരം കരാറില്‍ സ്വന്തമാക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. 2017 ലാണ് ബാഴ്സയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ കരാറില്‍ നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയത്. ബാഴ്സയില്‍ നിന്ന് കുട്ടീഞ്ഞോ, ജര്‍മന്‍ ടീമായ ബയേണിലേക്ക് ലോണില്‍ പോയതിന് പിന്നാലെയാണ് ബ്രസീലിയന്‍ താരത്തിന് വേണ്ടി ബാഴ്സ ലോണ്‍ കാര്‍ഡ് ഇറക്കുന്നത്. നേരത്തെ നെയ്മറിനുള്ള വലയുമായി ബാഴ്സ, പി.എസ്.ജിയില്‍ എത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. മുമ്പ് നൂറ് ദശലക്ഷം യൂറോയും (795 കോടി രൂപ) ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോയെയും നൽകാമെന്ന ബാഴ്‌സയുടെ വാഗ്ദാനം പി.എസ്.ജി നിരസിച്ചിരുന്നു. ഇപ്പോള്‍ കുട്ടീഞ്ഞോ ബയേണിലേക്ക് പോയതോടെ ആണ് നെയ്മറിന് വേണ്ടി ലോണ്‍ എന്ന നീക്കം സ്പാനിഷ് ക്ലബ്ബ് തുടങ്ങിയത്.
ഇതേസമയം, നെയ്മറിനൊരു പകരക്കാരനെ പി.എസ്.ജി കണ്ടെത്തും വരെ ബാഴ്സയുടെ ലോണ്‍ ഓഫര്‍ സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. നേരത്തെ, 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സ വിട്ട് പി.എസ്.ജിയിൽ ചേർന്ന നെയ്മറിനെ 180 ദശലക്ഷം നൽകിയാലേ വിട്ടുനൽകൂ എന്നാണ് പി.എസ്.ജി നിലപാട് സ്വീകരിച്ചത്.