വന്‍തുകയെറിഞ്ഞ് മലയാളി താരത്തെ സ്വന്തമാക്കി ബംഗളൂരു എഫ്.സി
ഇതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
പൂനെ സിറ്റി എഫ്.സിയുടെ മലയാളി സൂപ്പര്‍ താരം ആഷിഖ് കരുണിയന്‍ ബംഗളൂരു എഫ്.സിയിലേക്ക്. വന്‍ തുകയെറിഞ്ഞാണ് ആഷിഖിനെ ബംഗളൂരു സ്വന്തം പാളയത്തിലേക്ക് എത്തിക്കുന്നത്. ഗോള്‍.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂനെയുടെ കരുത്തുറ്റ ചിറകുകളിലൊന്നായിരുന്നു ആഷിഖ്. 70 ലക്ഷം രൂപ എറിഞ്ഞാണ് ആഷിഖിനെ ബംഗളൂരു വലയിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടുവെന്നാണ് സൂചന.
സീസണിലെ രണ്ടാമത്തെ വമ്പന്‍ ട്രാന്‍സ്ഫറാണ് ആഷിഖിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്ന് മൈക്കല്‍ സൂസൈരാജിനെ അത്‍ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയത് 90 ലക്ഷം രൂപക്കായിരുന്നു. ഇതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്ന പൂനെ സിറ്റി, ദീര്‍ഘകാലം നീണ്ട ആലോചനകള്‍ക്കൊടുവിലാണ് ടീമിലെ സൂപ്പര്‍താരത്തെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത്.
മലപ്പുറം സ്വദേശിയായ ആഷിഖ് ബംഗളൂരു എഫ്.സിയില്‍ എത്തുന്നത് സുനില്‍ ഛേത്രിക്കും കെ.യു സിങിനും ഇരട്ടി കരുത്തേകുമെന്നാണ് പ്രതീക്ഷ. പൂനെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ആഷിഖിന്റെ അരങ്ങേറ്റം. തുടര്‍ന്ന് സ്പാനീഷ് ടീമായ വില്ലാറിയല്‍സിന്റെ സി ടീമിലും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചു.