മെസീ, നിങ്ങളെന്നെ കൂടുതല്‍ മികച്ച കളിക്കാരനാക്കിയെന്ന് റൊണാള്‍ഡോ
മെസിയുമായുള്ള കളിക്കളത്തിലെ ദീര്‍ഘകാല ‘ശത്രുത’ തന്റെ കളി മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയിരിക്കുന്നത്.
മെസിയോ റൊണാള്‍ഡോയോ? ആരാണ് മികച്ച കളിക്കാരനെന്നത് ഈ തലമുറയിലെ ഫുട്‌ബോള്‍ ആരാധകരുടെ ഉത്തരം കിട്ടാത്ത ചോദ്യമാണത്. കളിക്കളത്തിലെ ദീര്‍ഘകാല എതിരാളിയായ മെസിയുമായുള്ള ബന്ധത്തിലെ വ്യത്യസ്ഥമായ ഭാഗത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
മെസിയുമായുള്ള കളിക്കളത്തിലെ ദീര്‍ഘകാല ‘ശത്രുത’ തന്റെ കളി മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയിരിക്കുന്നത്. മെസിക്കും സമാന അനുഭവമായിരിക്കുമെന്ന് കരുതുന്നതായും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
'ഇതുവരെയുള്ള മെസിയുടെ ഫുട്‌ബോള്‍ കരിയറിനെ ആദരവോടെയാണ് നോക്കിക്കാണുന്നത്. സ്പാനിഷ് ലീഗില്‍ നിന്നും ഞാന്‍ മാറിയപ്പോള്‍ കളിയെ ബാധിച്ചെന്ന് മെസി പോലും സമ്മതിച്ചിട്ടുണ്ട്. അതിന് കാരണം കളിക്കളത്തിലെ ശത്രുത ഞങ്ങള്‍ ആസ്വദിക്കുന്നതാകാം' എന്നും റൊണാള്‍ഡോ പോര്‍ച്ചുഗലിലെ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
കായികരംഗത്ത് ഇത്തരത്തില്‍ പരസ്പരം പ്രചോദിപ്പിക്കുന്ന എതിരാളികള്‍ അപൂര്‍വ്വമല്ലെന്നും റൊണാള്‍ഡോ പറഞ്ഞു. 'മൈക്കല്‍ ജോര്‍ദന് ഇത്തരത്തിലുള്ള എതിരാളികള്‍ ബാസ്‌ക്കറ്റ് ബോളിലുണ്ടായിരുന്നു. ഫോര്‍മുല വണ്ണില്‍ സെന്നയും അലെയ്ന്‍ പ്രോസ്റ്റും തമ്മിലുള്ള മത്സരവും സമാനമാണ്' റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
മെസി കിരീടങ്ങള്‍ നേടുന്നത് പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ടെന്നും റൊണാള്‍ഡോ തുറന്നു സമ്മതിക്കുന്നു. താന്‍ കിരീടങ്ങളും വിജയങ്ങളും നേടുമ്പോള്‍ മെസിയും അത് അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഞങ്ങള്‍ക്കിടയില്‍ ഉജ്ജ്വലമായ പ്രൊഫഷണല്‍ ബന്ധമുണ്ട്. ഇതുവരെ മെസിയുമായി ഭക്ഷണം ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ട് പോലുമില്ല. എന്നാല്‍, ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനുമാകില്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ തനിക്ക് എതിര്‍പ്പില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.