ധീരജ് സിങിന് ‘ബമ്പറടിച്ചു’; എ.ടി.കെ ക്യാമ്പിലെത്തിയത് ദീര്‍ഘ കരാറില്‍
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് മത്സരമാണ് ധീരജിനെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പറും കൗമാര താരവുമായ ധീരജ് സിങിനെ സ്വന്തമാക്കി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. അഞ്ച് വര്‍ഷത്തെ നീണ്ട കരാറാണ് ധീരജുമായി കൊല്‍ക്കത്ത ഒപ്പിട്ടത്. ഇതുപ്രകാരം 2024 വരെ മണിപ്പൂര്‍ താരം കൊല്‍ക്കത്തയുടെ വല കാക്കും. അതേസമയം എത്ര പണം നല്‍കിയാണ് ധീരജിനെ എടികെ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഒരു കൗമാര താരത്തെ ഇത്രയും വര്‍ഷത്തേക്ക് ഒപ്പിടുന്നത് ഐസ്എല്ലില്‍ പുതുമയാണ്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് മത്സരമാണ് ധീരജിനെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തത്.
തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ താരത്തെ സ്വന്തമാക്കാന്‍ പല ടീമുകളും അന്നെ ശ്രമിച്ചിരുന്നു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലാണ് ധീരജ് എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍മാരില്‍ ആദ്യ ചോയിസ് എന്ന നിലയിലായിരുന്നു ധീരജിന്റെ സ്ഥാനം. ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങളിലാണ് താരം വലകാത്തത്. മിന്നല്‍ സേവുകളും മറ്റുമായി ശ്രദ്ധേയ പ്രകടനം തന്നെയായിരന്നു ധീരജ് പുറത്തെടുത്തിരുന്നത്. എന്നാല്‍ വരും സീസണിലും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലുണ്ടാവുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
Give a warm #BanglaBrigade 🥁 welcome to 2⃣ new members of the #ATK family, @dhee_singh01 and @SehnajS 👏!#AamarBukeyATK pic.twitter.com/xjgiQ0Oq7s
— ATK (@ATKFC) August 24, 2019
എന്നാല്‍ രണ്ട് തവണ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ എ.ടി.കെ ധീരജിനെ റാഞ്ചുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നഷ്ടം തന്നെയാണ് ധീരജിന്റെ പിന്മാറ്റം. ഈ സീസണില്‍ ഒത്തിരി ഗോള്‍കീപ്പര്‍മാരെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ധീരജിന്റെ കൂടുമാറ്റം ഉറപ്പിച്ചതുമാണ്. മലയാളി താരമായ ടി.പി രഹ്നേഷാണ് ഗോള്‍ കീപ്പര്‍മാരിലെ ബാസ്റ്റേഴ്‌സിന്റെ ശ്രദ്ധേയ കരാര്‍. ഏറെക്കാലം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകത്തായിരുന്നു ടി.പി രഹനേഷ്.