ഗ്രീസ്മാന് ഡബിള്‍; ബാഴ്‍സക്ക് തകര്‍പ്പന്‍ ജയം
പിന്നീടങ്ങോട്ട് എത്ര ശ്രമിച്ചിട്ടും തോല്‍വിയുടെ ആഘാതം കുറക്കാന്‍ ബെറ്റിസിനായില്ല.
ലാ ലിഗയില്‍ ബാഴ്‍സലോണക്ക് തകര്‍പ്പന്‍ ജയം. റയല്‍ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ച് ഗോളിന് ബാഴ്സ തോല്‍പ്പിച്ചു. അന്റോണിയോ ഗ്രീസ്മാന്‍ രണ്ട് ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ കാര്‍ലെസ് പെരസ്, ജോഡി ആല്‍ബ, അര്‍ദോ വിദാല്‍ എന്നിവരും ബാഴ്സക്കായി ലക്ഷ്യം കണ്ടു.
സൂപ്പര്‍താരങ്ങളായ മെസിയും സുവാരസുമൊക്കെ പുറത്തിരുന്ന മത്സരത്തില്‍, കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ നബീല്‍ ഫഖീറിലൂടെ ബെറ്റിസ് ആധിപത്യം നേടി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വരെ ബെറ്റിസ് മുന്നിട്ട് നിന്നു. 41 ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ബാഴ്സ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ തന്റെ രണ്ടാമത്തെ വെടിയും പൊട്ടിച്ചു.
പിന്നീടങ്ങോട്ട് ബാഴ്സയുടെ മുന്നേറ്റം. തുടരെ തുടരെ ബെറ്റിസിന് മേല്‍ അവര്‍ ആഘാതം ഏല്‍പ്പിച്ചുകൊണ്ടിരുന്നു. 56 ാം മിനിറ്റില്‍ പെരസിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ ജോര്‍ഡി ആല്‍ബയും ബെറ്റിസിന്റെ വല തുളച്ചു. 77 ാം മിനിറ്റില്‍ വിദാലിലൂടെ ബാഴ്സ ഗോള്‍ എണ്ണം അഞ്ച് തികച്ചു. ഇതോടെ ബാഴ്സ വിജയമുറപ്പിച്ചു. എന്നാല്‍ 79 ാം മിനിറ്റില്‍ ഗാര്‍ഷ്യ, ബാഴ്സയുടെ വലയില്‍ പന്ത് നിക്ഷേപിച്ച് ചെറിയൊരു ആശ്വാസം കണ്ടെത്തി. പിന്നീടങ്ങോട്ട് എത്ര ശ്രമിച്ചിട്ടും തോല്‍വിയുടെ ആഘാതം കുറക്കാന്‍ ബെറ്റിസിനായില്ല.
മറ്റൊരു മത്സരത്തില്‍ വലന്‍സിയയെ സെല്‍റ്റവിഗ ഒരു ഗോളിന് തോല്‍പ്പിച്ചു. ലെഗാനസിനെ അത്‍ലറ്റിക്കോ മാഡ്രിഡും ഒരു ഗോളിന് പരാജയപ്പെടുത്തി.