ബാഴ്‌സ മറക്കാനാഗ്രഹിക്കുന്ന മത്സരത്തെക്കുറിച്ച് വാന്‍ഡിക്, തലകുനിച്ച് മെസി
വാന്‍ഡികിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തൊട്ടടുത്തുതന്നെ മെസിയുമുണ്ടായിരുന്നു.
യുവേഫയുടെ പുരസ്‌കാര വേദിയില്‍ വെച്ചായിരുന്നു മെസിയെ ഇരുത്തിക്കൊണ്ട് വാന്‍ഡിക് ആ മത്സരത്തെക്കുറിച്ച് ഓര്‍ത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബാഴ്‌സലോണയോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റശേഷം സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 4-0ത്തിന്റെ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ കളിയെക്കുറിച്ചാണ് വിര്‍ജില്‍ വാന്‍ഡിക് ഓര്‍ത്തെടുത്തത്. വാന്‍ഡികിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തൊട്ടടുത്തുതന്നെ മെസിയുമുണ്ടായിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസിയേയും മറികടന്നാണ് മികച്ച യൂറോപ്യന്‍ ഫുട്‌ബോളറായി ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡിക് തെരഞ്ഞെടുക്കപ്പെട്ടത്. വാന്‍ഡിക്കിന് 305 പോയിന്റ് ലഭിച്ചപ്പോള്‍ മെസിക്ക് 207 പോയിന്റ് ലഭിച്ചു. റൊണാള്‍ഡോക്ക് 74 പോയിന്റ് മാത്രമാണ് കിട്ടിയത്. യുവേഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിന്റെ പുരസ്‌കാരത്തിനിടെയായിരുന്നു ലിവര്‍പൂളിന്റേയും വാന്‍ഡികിന്റേയും ജീവിതത്തില്‍ മറക്കാനാവാത്ത ആ തിരിച്ചുവരവിനെക്കുറിച്ച് ചോദ്യം വന്നത്.
യുവേഫ പുരസ്‌കാരത്തിന്റെ അവതാരകയായ റഷ്മിന്‍ ചൗധരിയായിരുന്നു വാന്‍ഡികിനോട് ബാഴ്‌സലോണയെ അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന തിരിച്ചുവരവിലൂടെ പരാജയപ്പെടുത്തിയ ആ മത്സരത്തെക്കുറിച്ച് ചോദിച്ചത്. തൊട്ടടുത്ത സീറ്റില്‍ മെസിയെ ഇരുത്തിക്കൊണ്ടായിരുന്നു ചോദ്യം.
'ആ തിരിച്ചുവരവില്‍ ആന്‍ഫീല്‍ഡിന് വലിയ റോളുണ്ടായിരുന്നു. ആദ്യപാദത്തില്‍ 3-0ത്തിനായിരുന്നു ഞങ്ങള്‍ ബാഴ്‌സലോണയോട് തോറ്റത്. ആ തോല്‍വി യാഥാര്‍ഥ്യബോധത്തോടെ ഉള്‍കൊള്ളുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അവിശ്വസനീയമായ പ്രകടനം വേണം ആ തോല്‍വിയെ മറികടക്കാനെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.
ന്യൂകാസിലിനെതിരായ മത്സരത്തില്‍ അവസാന മിനുറ്റിലാണ് ഞങ്ങള്‍ വിജയഗോള്‍ നേടിയത്. അതിന് ശേഷം ഒരൊറ്റ ദിവസമാണ് ബാഴ്‌സലോണക്കെതിരായ മത്സരത്തിന് തയ്യാറാവാന്‍ ലഭിച്ചത്. അന്ന് സംഭവിച്ചതിനെ ഇപ്പോഴും അവിശ്വസനീയമെന്നേ വിശേഷിപ്പിക്കാനാകൂ. ആന്‍ഫീല്‍ഡിലെ അന്തരീക്ഷം ആരാധകര്‍ ഞങ്ങള്‍ക്ക് ഏറ്റവും അനുകൂലമാക്കി. അന്ന് എല്ലാം ഞങ്ങള്‍ക്ക് അനുകൂലമായി. ശരിയായ ഇടവേളകളില്‍ ഗോളുകള്‍ നേടാനായി. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു അത്' വാന്‍ഡിക് പറഞ്ഞു. യാതൊരു പതര്‍ച്ചയുമില്ലാതെ വാന്‍ഡിക് മറുപടി പൂര്‍ത്തിയാക്കുമ്പോഴും അസ്വസ്ഥമായിട്ടായിരുന്നു മെസി ഇരുന്നത്.