‘ഖത്തർ താരങ്ങൾ ചുവപ്പുകാർഡ് അർഹിച്ചിരുന്നു’ ആരോപണവുമായി ജോ മോറിസൺ
ദോഹയിൽ ഇന്ത്യയുടെ നേട്ടം ചരിത്രപരമാണെന്നും എന്നാൽ ഇത് വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ലെന്നും മോറിസൺ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചതിന്റെ ത്രില്ലിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമും ആരാധകരും. ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിലെ നീലപ്പടയുടെ പ്രകടനം പ്രശംസക്കു പാത്രമാകുന്നതിനിടെ, മത്സരത്തിൽ റഫറി പക്ഷപാതം കാണിച്ചുവെന്ന ആരോപണവുമായി പ്രമുഖ ഫുട്‌ബോൾ അവതാരകൻ ജോ മോറിസൺ രംഗത്തെത്തി. മത്സരത്തിനിടെ രണ്ടുതവണ ഖത്തർ താരങ്ങൾ ചുവപ്പുകാർഡ് അർഹിക്കുന്ന കുറ്റം ചെയ്‌തെന്നും എന്നാൽ റഫറി ഇത് അവഗണിച്ചെന്നും മോറിസൺ ആരോപിക്കുന്നു. സോണി (ടെൻ) സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ ഗൾഫ്, ഇന്ത്യൻ ഉപഭൂഖണ്ഡ മേഖലകളിലെ ഇംഗ്ലീഷ് അവതാരകനാണ് സ്‌കോട്ട്‌ലാന്റ് സ്വദേശിയായ മോറിസൺ.
മലേഷ്യക്കാരനായ മുഹമ്മദ് നസ്മി ബിൻ നസറുദ്ദീൻ ആണ് ഖത്തർ - ഇന്ത്യ മത്സരം നിയന്ത്രിച്ചിരുന്നത്. 29-കാരനായ നസ്മിയെ സഹായിക്കാൻ സ്വന്തം രാജ്യക്കാരായ മുഹമ്മദ് യുസ്‌രി, മുഹമ്മദ് മുആസി എന്നിവരുമുണ്ടായിരുന്നു. മലേഷ്യക്കാരനായ മുഹമ്മദ് അമീറുൽ ഇസ്‌വാൻ ആയിരുന്നു ഫോർത്ത് ഒഫീഷ്യൽ. മത്സരത്തിന്റെ ആദ്യപകുതിയിൽ അനിരുദ്ധ് ഥാപയെ ഖത്തർ താരം ബൂട്ടിന്റെ സ്റ്റഡ്‌സ് കൊണ്ട് ചവിട്ടിയതും രണ്ടാം പകുതിയിൽ ഗോളിലേക്ക് മുന്നേറവെ മലയാളി താരം സഹൽ അബ്ദുസ്സമദിനെ വീഴ്ത്തിയതും ചുവപ്പുകാർഡിന് അർഹതയുള്ള കുറ്റമായിരുന്നുവെന്ന് മോറിസൺ ആരോപിക്കുന്നു.
ദോഹയിൽ ഇന്ത്യയുടെ നേട്ടം ചരിത്രപരമാണെന്നും എന്നാൽ ഇത് വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ലെന്നും മോറിസൺ ചൂണ്ടിക്കാട്ടുന്നു. 'കഴിഞ്ഞ രാത്രിയെക്കുറിച്ച് ലളിതമായി പറഞ്ഞാൽ: അത് ചരിത്രമായിരുന്നു. ഒരു പോയിന്റേ നേടാനായുള്ളൂവെങ്കിലും അതിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകകപ്പ് സമയത്ത് സ്ഥിരമായി പോസ്റ്റിടുന്ന സെലിബ്രിറ്റികളും പ്രമുഖരും ഇതിനെപ്പറ്റി ഒന്നും പറയാത്തത് എന്താണെന്നാണ് ഞാൻ ആശ്ചര്യപ്പെടുന്നത്.' മോറിസൺ ട്വീറ്റ് ചെയ്തു.
ബി.ബി.സിയിൽ മുൻ മാധ്യമപ്രവർത്തകനായ ജോ മോറിസൺ ഇപ്പോൾ ദുബൈയിൽ ആണ് സ്ഥിരതാമസം. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും മോറിസൺ ശ്രദ്ധേയനായിരുന്നു. അണ്ടർ 17 ലോകകപ്പിൽ ഗോളടിച്ച ജീക്‌സൺ സിംഗ് തുനാജാമിനെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച മോദി, യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ താരമായ ഗുർപ്രീത് സിംഗ് സന്ധുവിന് ഹസ്തദാനം ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മോറിസന്റെ വിമർശനം. ഇതിനെതിരെ ഇതിനെ തുടര്‍ന്ന് ബി.ജെ.പി അണികള്‍ മോറിസനെതിരെ രംഗത്തുവന്നിരുന്നു.