മെസി കളിച്ചിട്ടും രക്ഷയില്ലാതെ ബാഴ്സ; ചെല്‍സിക്കും ലിവര്‍പൂളിനും ഞെട്ടിക്കുന്ന തോല്‍വി
ഒരു നീണ്ട ഇടവേളക്ക് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ മെസിയുടെ തണലില്‍ ബാഴ്സ പന്ത് തട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് തുടക്കമായപ്പോള്‍ കരുത്തരായ ബാഴ്സലോണയേയും നിലവിലെ ജേതാക്കളായ ലിവര്‍പൂളിനേയും ഞെട്ടിച്ച് എതിരാളികള്‍. പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായി ഒന്നരമാസക്കാലത്തെ വിശ്രമത്തിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍താരം ലയണല്‍ മെസി ബൂട്ടുകെട്ടിയെങ്കിലും ബാഴ്സയുടെ രക്ഷകനാകാനായില്ല. കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ബാഴ്സ ഗോള്‍രഹിത സമനില വഴങ്ങി. ഇതേസമയം, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ആരാധകരെ നിരാശയിലാഴ്ത്തിയാണ് കളി അവസാനിപ്പിച്ചത്. നാപ്പോളിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കീഴടങ്ങിയത്. മറ്റൊരു മത്സരത്തില്‍ വലന്‍സിയയോട് ഏറ്റുമുട്ടിയ നീലപ്പടയും ഞെട്ടിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി, വലന്‍സിയയോട് അടിയറവ് പറഞ്ഞത്.
ഒരു നീണ്ട ഇടവേളക്ക് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ മെസിയുടെ തണലില്‍ ബാഴ്സ പന്ത് തട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്. ബാഴ്സക്ക് മെസിയിലൂടെ വിജയം എന്ന സ്വപ്നമാണ് ആരാധകര്‍ കണ്ടതെങ്കില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ബാഴ്സ സമനിലയെങ്കിലും തരപ്പെടുത്തിയത്. 55ാം മിനിറ്റില്‍ സാഞ്ചോയെ ഫൌള്‍ ചെയ്തതിന് ബൊറൂസിയയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ ഡോര്‍ട്ട്മുണ്ട് താരം റിയൂസ് എടുത്ത കിക്ക് ബാഴ്സ ഗോളി അത്ഭുതകരമായാണ് പിടിച്ചെടുത്തത്. ഭാഗ്യം തുണച്ചപ്പോള്‍ രണ്ടാം പകുതിയുടെ അവശേഷിച്ച സമയത്ത് മെസിയും സുവാരസും അവസാന നിമിഷം വരെ മരണക്കളി പുറത്തെടുത്തെങ്കിലും ബൊറൂസിയയുടെ വലയനക്കാനായില്ല. ലക്ഷ്യത്തിലേക്ക് പന്തെത്തിക്കുന്നതില്‍ ബാഴ്സയേക്കാള്‍ മികച്ചു നിന്നത് ബൊറൂസിയ തന്നെയായിരുന്നു. ഗോള്‍മുഖം ലക്ഷ്യമാക്കി ബൊറൂസിയ നാലു തവണ നിറയൊഴിച്ചപ്പോള്‍ ബാഴ്സക്ക് എതിരാളിയുടെ ഗോള്‍മുഖത്തേക്ക് പന്ത് എത്തിക്കാനായത് ഒരിക്കല്‍ മാത്രമായിരുന്നു.
ഇതേസമയം, പന്തടക്കത്തിലും പാസിലും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് വെടിയുതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നിട്ടും ഭാഗ്യം മാത്രമില്ലാതായി പോയതിന്റെ പേരില്‍ തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു ഇംഗ്ലീഷ് കരുത്തരായ ചെല്‍സിക്ക്. വലന്‍സിയയോടാണ് ചെല്‍സി മുട്ടുമടക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 74 ാം മിനിറ്റില്‍ റൊഡ്രിഗോയിലൂടെയാണ് വലന്‍സിയ ചെല്‍സിയുടെ വലയില്‍ വെടിപൊട്ടിച്ചത്. റൊഡ്രിഗോയെ കളത്തില്‍ വിലസാന്‍ വിട്ട ചെല്‍സിയുടെ അശ്രദ്ധ തന്നെയായിരുന്നു ആ ഗോളിന് പിന്നില്‍. പിന്നീടങ്ങോട്ട് സമനിലക്കായി ചെല്‍സി ആഞ്ഞുപിടിച്ചെങ്കിലും വലന്‍സിയയുടെ വല തുളക്കാനായില്ല.
നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ അക്ഷരാര്‍ത്ഥത്തില്‍ നാപ്പോളി ഞെട്ടിക്കുകയായിരുന്നു. ലിവര്‍പൂളിന്റെ വല ലക്ഷ്യമാക്കി തൊടുത്ത ആകെ രണ്ടു ഷോട്ടുകളും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞ മിടുക്കിലായിരുന്നു നാപ്പോളിയുടെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം കളി സമനിലയില്‍ കലാശിക്കും എന്ന് തോന്നിച്ചിടത്തു നിന്നാണ് നാപ്പോളി വിജയക്കളി മെനഞ്ഞത്. 82 ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെര്‍ടെന്‍സ് നാപ്പോളിയെ മുന്നിലെത്തിച്ചു. അവസാന മിനിറ്റുകളിലേറ്റ ആഘാതത്തില്‍ നിന്ന് മോചിതരാകും മുമ്പ് ലിവര്‍പൂളിനെ നാപ്പോളി വീണ്ടും ഞെട്ടിച്ചു. 92 ാം മിനിറ്റില്‍ ലോറെന്റെയിലൂടെ ലിവര്‍പൂളിന്റെ പെട്ടിയില്‍ നാപ്പോളി അവസാന ആണിയും അടിച്ചു.