ഗാലറിയിലിരുന്ന് അന്ധനായ മകന് കളി വിവരിച്ചുകൊടുത്തു; ആ അമ്മക്ക് ഇന്ന് ഫിഫ ബെസ്റ്റ് ഫാന്‍ പുരസ്കാരം
മകന് കളി പറഞ്ഞ്കൊടുക്കുന്നതിനൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ ആര്‍പ്പുവിളിക്കാനും പാടാനും കളിക്കാര്‍ക്ക് ഊര്‍ജം പകരാന്‍ പ്രോത്സാഹിപ്പിക്കുകയുമെല്ലാം ആ അമ്മ ചെയ്തിരുന്നു
ഒരു ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകന്‍റെ സൂക്ഷ്മ വീക്ഷണമാണ് സില്‍വിയ ഗ്രികോക്കിനെ ലോകം ശ്രദ്ധിക്കാന്‍ കാരണം. അന്ധനായ തന്‍റെ മകന്‍ നിക്കോള്‍സിന് ഗാലറിയിലിരുന്ന് കളി വിവരിച്ചുകൊടുക്കുന്ന സില്‍വിയയുടെ ദൃശ്യങ്ങള്‍ ആ ക്യാമറാമാന്‍ പകര്‍ത്തി. ഗാലറിയില്‍ നിന്ന് സില്‍വിയയും മകനും പോയെങ്കിലും മകന് കളി വിവരിച്ചുകൊടുക്കുന്ന ആ അമ്മയുടെ ദൃശ്യങ്ങള്‍ പിന്നീട് ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ നിന്നും പോയില്ല. ആ അമ്മ ഇന്ന് ഫിഫയുടെ മികച്ച ആരാധികക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി.
‘പാള്‍മെറാസ് കൊറിന്ത്യന്‍സിനെതിരെ മത്സരിക്കുകയായിരുന്നു. മകന്‍ നിക്കോള്‍സ് വലിയ പാള്‍മെറാസ് ആരാധകനാണ്. അവന് കളി വിവരിച്ചുകൊടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ, പിന്നീട് അതിനെക്കുറിച്ച് ഏവരും സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് ഞാന്‍ ആദ്യമായല്ല അവന് കളി വിവരിച്ചുകൊടുക്കുന്നത്. പക്ഷെ, അന്ന് അത് ഏവരും അറിഞ്ഞുവെന്ന് മാത്രം.’ സില്‍വിയ പറഞ്ഞു.
Congratulations, Silvia Grecco 🎉
— #TheBest 🏆 (@FIFAcom) September 23, 2019
Winner of the FIFA Fan Award 2019 🏆 #TheBest | #FIFAFootballAwards pic.twitter.com/oJ5Wk2p9Vo
മകന് കളി പറഞ്ഞ്കൊടുക്കുന്നതിനൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ ആര്‍പ്പുവിളിക്കാനും പാടാനും കളിക്കാര്‍ക്ക് ഊര്‍ജം പകരാന്‍ പ്രോത്സാഹിപ്പിക്കുകയുമെല്ലാം ആ അമ്മ ചെയ്തിരുന്നു. 'അവന് കളി മാത്രമല്ല, പശ്ചാത്തലവും സാഹചര്യവുമെല്ലാം ഞാന്‍ വിവരിച്ചുകൊടുക്കാറുണ്ട്. കളിക്കാരുടെ പ്രത്യേകതകള്‍, മുടി, നിറം, ബൂട്ട് തുടങ്ങി എല്ലാ പ്രത്യേകതകളും വിവരിച്ചുകൊടുക്കാറുണ്ട്. സംശയിക്കാതെ പറയാം, ഗോള്‍ വിവരിച്ചുകൊടുക്കുന്നതാണ് അതില്‍ ഏറ്റവും പ്രിയപ്പെട്ടത്.' സില്‍വിയ കൂട്ടിച്ചേര്‍ത്തു.