ഗെറ്റഫയെ തകര്‍ത്തു; ബാഴ്സക്ക് മിന്നും ജയം
പരിക്ക് കാരണം സൂപ്പര്‍ താരം ലയണല്‍ മെസി കളിച്ചിരുന്നില്ല
സ്പാനിഷ് ലീഗില്‍ ഗെറ്റഫെ എഫ്.സിക്കെതിരെ ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗെറ്റഫെക്കെതിരായ എവേ മാച്ചില്‍ ബാഴ്സ വിജയിച്ചത്. നാല്‍പ്പത്തിയൊന്നാം മിനുറ്റില്‍ ലൂയിസ് സുവാരസിന്‍റെയും നാല്‍പത്തിയൊമ്പതാം മിനുറ്റില്‍ ജൂനിയര്‍ ഫിര്‍പ്പൊയുടെയും ഗോളുകളുടെ മിന്നുന്ന പ്രഭയിലാണ് ബാഴ്സ ഗെറ്റഫയെ പരാജയപ്പെടുത്തിയത്. ബാഴ്സയുടെ ക്ലിമന്‍റ് ലെങ്ക്ലെറ്റിന് ചുവപ്പ് കാര്‍ഡ് കിട്ടി.
നാല്‍പത്തിയൊന്നാം മിനുറ്റില്‍ ഗോളി സ്റ്റെഗന്‍റെ മികച്ച പാസ് സുവാരെസ് കാല്‍പിടിയിലൊതുക്കുകയും മികച്ച മുന്നേറ്റത്തിലൂടെ ഗോളാക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 എന്ന സ്കോറിന് ബാഴ്സ മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജൂനിയര്‍ ഫിര്‍പ്പോ എന്ന യുവതാരം ഗോള്‍ കണ്ടെത്തിയതോടെ മത്സരത്തില്‍ ബാഴ്സ ഏറെ മുന്നിലായി. പൊസഷന്‍റെ കാര്യത്തിലും പാസുകളുടെ കാര്യത്തിലുമെല്ലാം ബാഴ്സ തന്നെയായിരുന്നു മുന്നില്‍. പരിക്ക് കാരണം സൂപ്പര്‍ താരം ലയണല്‍ മെസി കളിച്ചിരുന്നില്ല.