സുവാരസിന്‍റെ ഇരട്ട ഗോള്‍; ക്യാംപ് നൗവില്‍ ‘ബാഴ്‌സ’ക്കുതിപ്പ്
ന്യൂ ക്യാമ്പില്‍ മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഇന്‍റര്‍ മുന്നിലെത്തിയത് കനത്ത ആഘാതമാണ് ബാഴ്സലോണ ആരാധകര്‍ക്ക് നല്‍കിയത്
പരിക്കിന് ശേഷം ലയണല്‍ മെസി തിരികെയെത്തിയ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ടീമായ ഇന്‍റര്‍ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ പിന്നിലായിട്ടും ലൂയി സുവാരസ് നേടിയ ഇരട്ട ഗോളുകളാണ് ബാഴ്സയെ വിജയത്തിലെത്തിച്ചത്.
ന്യൂ ക്യാമ്പില്‍ മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഇന്‍റര്‍ മുന്നിലെത്തിയത് കനത്ത ആഘാതമാണ് ബാഴ്സലോണ ആരാധകര്‍ക്ക് നല്‍കിയത്. സാഞ്ചസിന്‍റെ പാസില്‍ നിന്ന് മാര്‍ട്ടിനെസാണ് ഇറ്റാലിയന്‍ വമ്പന്‍മാരെ മുന്നിലെത്തിച്ചത്. ബാഴ്സ നിരയുടെ പ്രതിരോധത്തിന്‍റെ വിള്ളലുകള്‍ മുതലാക്കി മാര്‍ട്ടീനസിന്‍റെ കൌണ്ടര്‍ അറ്റാക്ക് ഇന്‍റര്‍ മിലാന് ആദ്യ ഗോള്‍. മികച്ച രീതിയില്‍ കളിച്ച ഇന്‍റര്‍ മിലാന്‍ ബാഴ്സയുടെ വിജയ പ്രതീക്ഷകള്‍ക്കു മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി മാറി. പൊരുതി കളിച്ച ബാഴ്സക്കായി അമ്പത്തിയെട്ടാം മിനുട്ടിലാണ് സുവാരസ് ആദ്യ ഗോള്‍ നേടിയത്. വിദാല്‍ നല്‍കിയ മനോഹരമായ പന്ത് വലയിലെത്തിച്ചാണ് സുവാരസ് ടീമിന് സമനില നേടി നല്‍കിയത്.
ഒപ്പമെത്തിയ കറ്റാലന്‍സ് പിന്നീട് മത്സരം കയ്യിലെടുത്തു. എണ്ണം പറഞ്ഞ നീക്കങ്ങളിലൂടെ വിജയത്തിനായി ആഞ്ഞു പരിശ്രിച്ചു. ഒടുവില്‍ എണ്‍പത്തിനാലാം മിനുട്ടില്‍ ഫുട്ബോള്‍ ദൈവത്തിന്‍റെ പാസിലൂടെ സുവാരസ് ടീമിന് വിജയ ഗോള്‍ സമ്മാനിച്ചു. ലീഗിലെ രണ്ടു മത്സരം പൂര്‍ത്തിയാക്കിയ ബാഴ്സ ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ ഇതുവരെ വിജയം കാണാനാവാത്ത നിരാശയിലാണ് ഇന്‍റര്‍ മിലാന്‍ കളിയവസാനിപ്പിച്ചത്.