മാഞ്ചസ്റ്ററിനെ വിടാതെ ‘എവേ മാന്‍ഡ്രേക്ക്’!, ജയമില്ലാതെ പിന്നിട്ടത് 10 കളികള്‍!
ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നായ മാഞ്ചസ്റ്റര്‍ നാണക്കേടിന്‍റെ കയത്തിലേക്ക് കൂപ്പ് കുത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
ഏഴ് മാസം, പത്ത് മത്സരങ്ങള്‍, പൂജ്യം ജയം! ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള എവേ മത്സരങ്ങളുടെ ആകെത്തുകയാണ്. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നായ മാഞ്ചസ്റ്റര്‍ നാണക്കേടിന്‍റെ കയത്തിലേക്ക് കൂപ്പ് കുത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഡച്ച് ക്ലബ് അൽക്മാറിനോട് ഇന്നലെ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് മാഞ്ചസ്റ്റർ ജയമില്ലാതെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പി.എസ്.ജിയെ പാരീസിൽ ചെന്ന് തോല്‍പ്പിച്ചതിനു ശേഷം കവാത്ത് മറക്കുകയായിരുന്നു മാഞ്ചസ്റ്റര്‍. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്ന് മാഞ്ചസ്റ്റർ ജയിച്ചത്. എവേ ഗോൾ ആനുകൂല്യത്തിൽ അന്ന് സെമിഫൈനലിൽ എത്തിയ മാഞ്ചസ്റ്റര്‍ പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതിനു ശേഷം നടന്ന 10 എവേ മത്സരങ്ങളില്‍ ഒരു ജയം പോലും ആവര്‍ത്തിക്കാന്‍ മാഞ്ചസ്റ്ററിനായില്ല.
ഇങ്ങനെ തന്നെയാണ് കളിയുടെ പോക്കെങ്കില്‍ മറ്റൊരു റെക്കോര്‍ഡും മാഞ്ചസ്റ്ററിനായി കാത്തിരിപ്പുണ്ട്, 1989ൽ 11 എവേ മത്സരങ്ങൾ പരാജയപ്പെട്ട മാഞ്ചസ്റ്ററിന്‍റെ തന്നെ മോശം റെക്കോര്‍ഡ് ഇതു വരെ ആവര്‍ത്തിച്ചിട്ടില്ല. മോശം ഫോം ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ പഴയ റെക്കോര്‍ഡ് തകര്‍ക്കാന്‍ അധികം സമയം വേണ്ടി വരില്ല.