നെയ്മറെ തിരിച്ചുകൊണ്ടുവരുന്നതില്‍ ബാഴ്സയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് മെസി
ഈ സീസണില്‍ തന്നെ പി.എസ്.ജിയിൽ നിന്ന് നെയ്മറെ തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പി.എസ്.ജിയും നെയ്മറെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നു.
പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ബാഴ്സലോണയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് സൂപ്പര്‍താരം ലയണല്‍ മെസി. “ഞങ്ങൾ നെയ്മറുമായി പലപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ ബന്ധം ഊഷ്മളതയോടെ നിലനിര്‍ത്താന്‍ ഞങ്ങൾക്ക് ഇപ്പോഴും സുവാരസ് ഉള്‍പ്പെടെയുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട് ”, - മെസി പറഞ്ഞതായി ഇ.എസ്.പി.എന്‍.എഫ്.സിയെ ഉദ്ധരിച്ച് റേഡിയോ മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
ഈ സീസണില്‍ തന്നെ പി.എസ്.ജിയിൽ നിന്ന് നെയ്മറെ തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പി.എസ്.ജിയും നെയ്മറെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു എന്ന് മാത്രം. “അയാൾക്ക് തിരികെ വരുന്ന കാര്യം ബുദ്ധിമുട്ടാണ്. നെയ്മര്‍ ഇവിടെ നിന്ന് പോയ സ്ഥിതിക്ക്, ഏതാനും ക്ലബ് അംഗങ്ങള്‍ക്കും മറ്റു ചിലര്‍ക്കും തിരികെയെത്തിക്കുന്നതിനോട് യോജിപ്പില്ല. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നെയ്മര്‍ വിസ്മയമാണ്. എന്നാൽ മറ്റ് വശങ്ങളും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് അൽപ്പം ബുദ്ധിമുട്ടാണ്, ” മെസി പറഞ്ഞു. ബാഴ്‌സയിൽ തുടരാൻ തന്നെയാണ് താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്നെ തളച്ചിടുന്ന തരത്തിലുള്ള ഒരു കരാർ വേണ്ടെന്നും മെസി പറഞ്ഞു.
“ബാഴ്സലോണ എനിക്ക് ആജീവനാന്ത കരാർ ശിപാര്‍ശ ചെയ്തു എന്നത് ശരിയാണ്, പക്ഷേ ഞാൻ പറഞ്ഞത് എന്നെ തളച്ചിടാനുള്ള ഒരു കരാർ വേണ്ട എന്നതാണ്,” മെസി പറഞ്ഞു. “മികച്ച പ്രകടനം കാഴ്ചവെക്കാനും കളിക്കാനും എന്റെ ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരാനും ഞാൻ ആഗ്രഹിക്കുന്നു. ബാഴ്സയിലായിരിക്കുമ്പോള്‍ ആജീവനാന്തം പോലെയാണ് കാര്യങ്ങള്‍, പക്ഷേ അത് ഒരു കരാറിലൂടെയായിരിക്കാന്‍ ആഗ്രഹമില്ല,” മെസി കൂട്ടിച്ചേർത്തു.