എ.എഫ്.സി അംഗീകാരമുള്ള ടൂര്‍ണമെന്റില്‍ ഗോകുലം എഫ്.സിക്ക് ക്ഷണം
ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം എ.എഫ്.സി അംഗീകാരമുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്
ചിറ്റഗോങിലെ എം.എ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശൈഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്.സിയും പന്തു തട്ടാനിറങ്ങുന്നു. ഡ്യൂറണ്ട് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ബഷുന്ധര കിങ്സിനെയാണ് ഒക്ടോബര്‍ 22ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ നേരിടുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം എ.എഫ്.സി അംഗീകാരമുള്ള ഒരു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ബംഗ്ലാദേശ് ഫുട്ബോള്‍ ഫെഡറേഷനും ചിറ്റഗോങിലെ അബഹോണി ക്ലബും ചേര്‍ന്നാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഈ രണ്ടു ടീമുകള്‍ക്കു പുറമേ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സി, മലേഷ്യന്‍ ടീമായ തെരേംഗാനു എഫ്സി എന്നിവരുമാണ് ബി ഗ്രൂപ്പിലുള്ളത്.
ഒക്ടോബര്‍ 19ന് ആരംഭിച്ച ടൂര്‍ണ്ണമെന്റിനായി ഇതിനോടകം താരങ്ങള്‍ ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. 24ന് തെരേംഗാനു എഫ്.സിയുമായാണ് ഗോകുലത്തിന്റെ രണ്ടാം പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം 26ന് ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയോടാണ്.
ഗ്രൂപ്പ് വിജയികളും റണ്ണേഴ്സ്അപ്പായ ടീമും മാത്രമാണ് നോക്കൌട്ട് റൌണ്ടിലേക്ക് പ്രവേശിക്കുക. ബംഗ്ലാ ടി.വിക്കു പുറമേ ഫെയ്സ്ബുക്ക് വഴിയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.
രണ്ടാഴ്ചക്കാലം വിവിധ ഐ.എസ്.എല്‍ ടീമുകളുമായി ഞങ്ങള്‍ പ്രീ-സീസണ്‍ സൌഹൃദ മത്സരങ്ങള്‍ കളിക്കുകയായിരുന്നു. കഠിനാധ്വാനം ചെയ്തത് ഈ ടൂര്‍ണ്ണമെന്റില്‍ ഗുണം ചെയ്യും. ഐ ലീഗിന് മുമ്പ് ടീമിന്റെ പോരായ്മകള്‍ മനസ്സിലാക്കി മികച്ച ടീമിനെ ഒരുക്കാന്‍ നമുക്ക് സാധിക്കും ഗോകുലം എഫ്.സി മുഖ്യ പരിശീലകന്‍ ഫെര്‍ണ്ണാണ്ടോ സാന്റിയാഗോ വരേല പറഞ്ഞു.
ഗോകുലം മികച്ച ഒരു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ട്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ഒരു ടീമിന് ഇത്തരമൊരു ടൂര്‍ണ്ണമെന്റിന് അവസരം ലഭിക്കുന്നത്. പെട്ടെന്നുള്ള അറിയിപ്പായിരുന്നെങ്കിലും ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു. താരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ച വെക്കാന്‍ ശ്രമിക്കും, ഗോകുലം എഫ്.സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.