പുലിസികിന് ഹാട്രിക്കും റെക്കോര്‍ഡും; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

കളി തുടങ്ങി 21 ാം മിനിറ്റില്‍ തന്നെ പുലിസിക് ബേണ്‍ലിയുടെ വലയില്‍ ആദ്യ വെടിപൊട്ടിച്ചു.

Update: 2019-10-27 07:17 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ തകര്‍ത്ത് ചെല്‍സിക്ക് മിന്നുന്ന ജയം. രണ്ടിനെതിരെ നാലു ഗോളിനാണ് ബേണ്‍ലിയെ ചെല്‍സി കീഴടക്കിയത്. അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ പുലിസിക്കിന്റെ ഹാട്രിക് മികവില്‍ ചെല്‍സി കിടിലന്‍ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 21 കാരനായ പുലിസിക്, പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടി ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

കളി തുടങ്ങി 21 ാം മിനിറ്റില്‍ തന്നെ പുലിസിക് ബേണ്‍ലിയുടെ വലയില്‍ ആദ്യ വെടിപൊട്ടിച്ചു. തിരിച്ചടിക്കാന്‍ ബേണ്‍ലി കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പുലിസിക് അവര്‍ക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകളുടെ ഇടവേളയില്‍ പുലിസികില്‍ നിന്ന് അടുത്ത ഗോളുമെത്തി. ആദ്യ ഗോള്‍ ബേണ്‍ലിയുടെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കിയാണ് പുലിസിക് നേടിയത്. മൈതാന മധ്യത്തില്‍ നിന്ന് ഒറ്റക്ക് പന്തുമായി കുതിച്ച പുലിസിക്, ബേണ്‍ലിയുടെ നാലു പ്രതിരോധ ഭടന്‍മാരെ കബളിപ്പിച്ചാണ് പന്ത് വലയില്‍ നിക്ഷേപിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരവുമായി പുലിസിക്.

Advertising
Advertising

രണ്ടാം ഗോളും പുലിസികിന്റെ സ്വന്തം അധ്വാനമായിരുന്നു. ബോക്സിനുള്ളില്‍ നിന്ന് നിലംപറ്റിയ ഷോട്ട് ഉതിര്‍ത്ത പുലിസികിന് ഉന്നംതെറ്റിയില്ല. പന്ത് വല തുളയ്ക്കുന്നത് നോക്കിനില്‍ക്കാനെ ബേണ്‍ലിയുടെ ഗോളിക്കായുള്ളു. കോര്‍ണറില്‍ നിന്നെത്തിയ ഫ്രീ കിക്കിന് കൃത്യം തലവെച്ചതോടെയാണ് പുലിസികിന്റെ ഹാട്രിക് പിറന്നത്.

58 ാം മിനിറ്റില്‍ മൈതാന മധ്യത്തില്‍ നിന്ന് ലഭിച്ച പാസ് ബൂട്ടില്‍ കൊരുത്ത് മുന്നേറിയ വില്യന്റെ ഊഴമായിരുന്നു. ബോക്സിനുള്ളിലേക്ക് പന്തുമായി കടന്നുകയറിയ വില്യന് കാര്യമായ പ്രതിരോധമൊന്നും ഉയര്‍ന്നില്ല. അതും നിലംപറ്റിയ ഷോട്ട്. വലയുടെ വലതു മൂലയിലേക്ക് പന്ത് ഉരുണ്ടുകയറി. ഇതോടെ ചെല്‍സിയുടെ അക്കൌണ്ട് പൂര്‍ണം. തകര്‍ന്ന് പോയെന്ന് കരുതിയ നിമിഷത്തില്‍ നിന്നാണ് ബേണ്‍ലി ആദ്യ ഗോള്‍(86) മടക്കിയത്. അതും കിടിലന്‍ ഗോള്‍. 30 വാര അകലെ നിന്ന് വെടിയുണ്ട പോലെ പറന്ന പന്ത് ചെല്‍സിയുടെ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കിയാണ് വലയില്‍ വിശ്രമിച്ചത്. ജെ റൊഡ്രിഗസ് കരുത്ത് തെളിച്ച നിമിഷമായിരുന്നു അത്.

Full View

ചെല്‍സിയുടെ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബേണ്‍ലിയുടെ അടുത്ത ഗോളെത്തി. മക്നീലിന്റെ ഷോട്ടിന് കാല് വെച്ച ചെല്‍സി താരം തൊമോരിയുടെ മുട്ടില്‍ തട്ടി തിരിഞ്ഞ പന്ത് വലയിലെത്തുകയായിരുന്നു. കളിയില്‍ താരമായത് 21 വയസും 38 ദിവസവും പ്രായമുള്ള പുലിസിക് തന്നെയായിരുന്നു.

Tags:    

Similar News