ഗോമസിന് ഗുരുതര പരിക്ക്; ആ ഫൗളില്‍ ഗാലറി നടുങ്ങി, ഫൗള്‍ ചെയ്ത താരം കരഞ്ഞു മടങ്ങി
എന്നാല്‍ ഇതില്‍ നിന്നൊക്കെ ഭീകരമായിരുന്നു ഇന്നലെ എവര്‍ടണ്‍ - ടോട്ടനം മത്സരത്തിനിടെയുണ്ടായത്. കളി സമനിലയില്‍ കലാശിച്ചെങ്കിലും മത്സരഫലമായിരുന്നില്ല ചര്‍ച്ചാ വിഷയം ആയത്.
വീറും വാശിയും നിറയുമ്പോഴാണ് കാല്‍പ്പന്ത് കളിയുടെ ആവേശം വാനോളം ഉയരുക. എന്നാല്‍ മൈതാനത്ത് വാശിയേറുമ്പോള്‍ പലപ്പോഴും കാല്‍പ്പന്ത് കളി കയ്യാങ്കളിയായി മാറുകയും ചെയ്യാറുണ്ട്. എതിരാളിയെ പ്രതിരോധിക്കുക എന്നത് സ്വാഭാവികം ആണെങ്കിലും ചിലപ്പോഴൊക്കെ ഈ ടാക്കിളിങ് പല താരങ്ങളുടെയും കണ്ണീര്‍ വീഴ്ത്തിയിട്ടുമുണ്ട്.
എന്നാല്‍ ഇതില്‍ നിന്നൊക്കെ ഭീകരമായിരുന്നു ഇന്നലെ എവര്‍ടണ്‍ - ടോട്ടനം മത്സരത്തിനിടെയുണ്ടായത്. കളി സമനിലയില്‍ കലാശിച്ചെങ്കിലും മത്സരഫലമായിരുന്നില്ല ചര്‍ച്ചാ വിഷയം. എവര്‍ടണ്‍ താരം ആന്ദ്രെ ഗോമസിനേറ്റ ഗുരുതര പരിക്കായിരുന്നു. മുന്നേറ്റവും കടുത്ത പ്രതിരോധവും കൊണ്ട് കളി മുറുകിയിരുന്ന സമയം. ഗോള്‍മുഖം വരെയെത്തിയ മുന്നേറ്റങ്ങള്‍. ഗാലറി നിര്‍ത്താതെ ആര്‍ത്തിരമ്പുകയായിരുന്നു. 63 ാം മിനിറ്റില്‍ ഡേല്‍ അല്ലി നേടിയ ഗോളോടു കൂടി കളിയില്‍ ടോട്ടനം മുന്നിലെത്തിയതോടെ ആക്രമണവും പ്രതിരോധവും കൂടുതല്‍ കടുത്തു. ആധിപത്യം തുടരാന്‍ പ്രതിരോധം കടുപ്പിച്ച് ടോട്ടനവും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് ചവിട്ടിക്കുതിച്ച് എവര്‍ടണും.
കളിയുടെ 79 ാം മിനിറ്റ്. ആ കാഴ്ച കണ്ട് ആര്‍ത്തിരമ്പിയ ഗാലറി പോലും നിശ്ചലമായി. എവര്‍ടണ്‍ താരം ആന്ദ്രെ ഗോമസിനെ ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരം സണ്‍ മിന്‍ വീഴ്ത്തിയത് കണ്ടായിരുന്നു ഗാലറി നടുങ്ങിയത്. പന്തിനെ നിയന്ത്രണത്തിലാക്കി കുതിക്കുകയായിരുന്നു ഗോമസ്. എന്നാല്‍ ടാക്കിള്‍ ചെയ്യാന്‍ ഓടിയെത്തിയത് സണ്‍ മിന്‍. ഇടിയുടെ ആഘാതത്തില്‍ ഗോമസ് നിലത്തടിച്ചു വീണു. വേദന കൊണ്ടു പുളഞ്ഞു. ഗോമസിനേറ്റ പരിക്ക് കണ്ട് സണ്‍ മിന്നും നടുങ്ങി. പിന്നെ തലയില്‍ കൈവെച്ച് കരഞ്ഞു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം ഓടിയെത്തി ഗോമസിനെ സ്ട്രെച്ചറില്‍ കിടത്തി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഏതായാലും ഈ ഭീകര ഫൗളിന് സണിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു. കരഞ്ഞുകൊണ്ടാണ് സണ്‍ ഗ്രൗണ്ട് വിട്ടത്. ഇതിന് ശേഷം കാവ്യനീതി പോലെ 97 ാം മിനിറ്റില്‍ ടോസണ്‍ നേടിയ ഗോളിലൂടെ എവര്‍ടണ്‍ സമനില പിടിക്കുകയും ചെയ്തു.