തല്ലി തീര്‍ക്കാമെന്ന് കവാനി, നിന്റെ ഇഷ്ടംപോലെയെന്ന് മെസി...
മത്സരത്തിനിടെ കവാനിയും മെസിയും കൊമ്പുകോര്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്...
അര്‍ജന്റീനയും ഉറുഗ്വയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് കവാനിയും മെസിയും കൊമ്പുകോര്‍ത്തത്. ഇരുവരും തമ്മിലുള്ള വാക്‌പോര് കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. കവാനിയും മെസിയും തമ്മിലുള്ള പോരിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളുടെ പതിവ് ആവേശം ഒട്ടും ചോരാതെയാണ് അര്‍ജന്റീനയും ഉറുഗ്വയും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണ ഉറുഗ്വ മുന്നിലെത്തിയ മത്സരത്തില്‍ മെസിയുടെ അധികസമയത്തെ പെനല്‍റ്റി ഗോളിലൂടെയായിരുന്നു അര്‍ജന്റീന സമനില പിടിച്ചത്.
അര്‍ജന്റീന സൂപ്പര്‍ താരം മെസിയെ പരസ്യമായി എഡിന്‍സണ്‍ കവാനി പോരിന് വിളിച്ചെന്ന് അര്‍ജന്റീന പത്രം Oleയാണ് റിപ്പോര്‍ട്ടു ചെയ്തത്. മെസിക്ക് ആഗ്രഹമുണ്ടെങ്കില്‍ തല്ലി തീര്‍ക്കാമെന്നാണ് കവാനി പറഞ്ഞത്. നിന്റെ ആഗ്രഹം പോലെ എപ്പോള്‍ വേണമെങ്കിലും നോക്കാമെന്ന് ഉരുളക്കുപ്പേരി കണക്കെ മെസി മറുപടിയും നല്‍കി. ഉറുഗ്വയുടെ പ്രതിരോധക്കാരന്‍ ദിയേഗോ ഗോഡിന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കഴിഞ്ഞ ആഴ്ച്ച ബ്രസീലിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയും മെസിയുടെ പെരുമാറ്റവും വിവാദമായിരുന്നു. ബ്രസീല്‍ പരിശീലകന്‍ ടിറ്റെയോട് മിണ്ടരുതെന്ന് മെസി ആംഗ്യം കാണിച്ചതാണ് വിവാദമായത്. മത്സരശേഷം മെസി തന്നോട് മിണ്ടരുതെന്ന് പറഞ്ഞെന്ന പരാതിയുമായി ടിറ്റെ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ മെസിയുടെ ഗോളില്‍ ബ്രസീലിനെ അര്‍ജന്റീന തോല്‍പ്പിക്കുകയും ചെയ്തു.
മൂന്ന് മാസത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള വിലക്കിന് ശേഷമാണ് മെസി ബ്രസീലിനെതിരെ കളിക്കാനിറങ്ങിയത്. കോപ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടെ ചിലിക്കെതിരെ മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മെസിക്ക് 14 വര്‍ഷത്തിന് ശേഷം ലഭിച്ച ചുവപ്പുകാര്‍ഡായിരുന്നു ഇത്. തുടര്‍ന്ന് ബ്രസീലില്‍ നടന്ന കോപ അമേരിക്ക ടൂര്‍ണമെന്റ് തന്നെ ആതിഥേയര്‍ക്കുവേണ്ടി നടത്തുന്നതാണെന്ന ആരോപണം മെസി ഉന്നയിച്ചു. തുടര്‍ന്നാണ് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(CONMEBOL) മെസിയെ വിലക്കിയത്.