ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയും ലെയ്പ്‌സിഗും നോക്കൗട്ടില്‍, ചെല്‍സിയും ലിവര്‍പൂളും കാത്തിരിക്കണം
മെസി മിന്നിയ മത്സരത്തില്‍ ആധികാരിക ജയത്തോടെ ബാഴ്സലോണയും 90മിനുറ്റിന് ശേഷം തിരിച്ചടിച്ച രണ്ട് ഗോളുകളുടെ ആവേശത്തില്‍ ലെയ്പ്സിഗുമാണ് നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചവര്‍
ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ടില്‍ അവസാന മത്സരം ശേഷിക്കെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും ജര്‍മ്മന്‍ പുതുക്കക്കാരായ ലെയ്പ്‌സിഗും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. അവസാന മത്സരത്തിന് മുമ്പ് എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. ചെല്‍സിക്കും ലിവര്‍പൂളിനും അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.
ये à¤à¥€ पà¥�ें- ചാമ്പ്യന്‍സ് ലീഗ്: ടോട്ടന്നത്തിന്റെ തിരിച്ചുവരവ്, ഗോളടിയന്ത്രമായി ലെവന്‍ഡോവ്‌സ്‌കി, പി.എസ്.ജി റയല്‍ സമനില
പതിവുപോലെ മെസിയുടെ ഊര്‍ജ്ജത്തിലാണ് ബാഴ്‌സലോണ ഡോര്‍ട്ട്മുണ്ടിനെ 3-1ന് തോല്‍പിച്ചത്. സ്വന്തം തട്ടകമായ നൗകാമ്പില്‍ നടന്ന മത്സരത്തിലെ ജയത്തോടെ ഗ്രൂപ് എഫ് ചാമ്പ്യന്മാരായണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെത്തിയിരിക്കുന്നത്.
ആവലാതികളില്ലാതെ അവസാന മത്സരം കളിക്കാനുള്ള അവസരം ചെല്‍സിയും ലിവര്‍പൂളും നഷ്ടപ്പെടുത്തി. ചെല്‍സി വലന്‍സിയയോട് 2-2ന്റെ സമനില പാലിച്ചപ്പോള്‍ ക്ലോപ്പിന്റെ ലിവര്‍പൂളിനെ 1-1ന് പിടിച്ചുകെട്ടിയത് നാപ്പോളി. ഇതോടെ അവസാനമത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകള്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാതെയായി.
ബാഴ്സയുടെ ഗ്രൂപ്പില്‍ 3-1ന്‍റെ ജയത്തോടെ ഇന്‍റര്‍ മിലാനും അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകള്‍ നിലനിര്‍ത്തി. ഗ്രൂപ്പ് എഫില്‍ ഇന്റര്‍മിലാനും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും അഞ്ച് കളികളില്‍ നിന്നും ഏഴ് പോയിന്റുകളാണുള്ളത്.
ബെന്‍ഫിക്കക്കെതിരെ 96ആം മിനുറ്റില്‍ നേടിയ സമനില ഗോളിലൂടെയാണ് ജര്‍മ്മന്‍ ക്ലബായ ലെയ്പ്‌സിഗ് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലേക്കുള്ള പ്രവേശനം നേടിയത്. ജയം മാത്രം ലക്ഷ്യംവെച്ചിറങ്ങിയ ബെന്‍ഫിക്ക 90ആം മിനുറ്റ് വരെ 2-0ത്തിന് മുന്നിലായിരുന്നു. 90ആം മിനുറ്റിലും 96ആം മിനുറ്റിലും ഗോള്‍ മടക്കിയാണ് ലെയ്പ്‌സിഗ് അവരുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് പ്രവേശം ഗംഭീരമാക്കിയത്.
അഞ്ച് വര്‍ഷം മുമ്പ് ബുണ്ടസ് ലീഗില്‍ മൂന്നാം ടയറിലെ ക്ലബായിരുന്നു ലെയ്പ്‌സിഗ്. രണ്ടാം ചാമ്പ്യന്‍സ് ലീഗ് സീസണില്‍ തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറി അവര്‍ കരുത്തു തെളിയിച്ചു.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഉറപ്പിച്ച ടീമുകള്‍
ഗ്രൂപ്പ് ജേതാക്കള്‍
ബയേണ്‍ മ്യൂണിച്ച്, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, ബാഴ്‌സലോണ
യോഗ്യത നേടിയവര്‍
റയല്‍ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, ആര്‍.ബി ലെയ്പ്‌സിഗ്