ഐ.എസ്.എല്‍ ടീമിനെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലേക്ക്

ഐ.എസ്.എല്‍ ടീമിനെ വാങ്ങുന്നതിലൂടെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും പ്രാദേശിക ക്ലബുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും

Update: 2019-11-28 11:54 GMT

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുബൈ എഫ്.സിയുടെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അബൂദബി സ്വദേശി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യിദ് അല്‍ നഹ്‍യാനാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ പ്രധാന ഓഹരി ഉടമ.

മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ക്ലബിന്റെ 10 ശതമാനം ഓഹരി 500 ദശലക്ഷം ഡോളറിന് (ഏകദേശം 3568 കോടി രൂപ) വിറ്റെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സില്‍വര്‍ ലേക്കാണ് സിറ്റിയുടെ ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. ക്ലബിന്റെ മൂല്യം ഏകദേശം 4.8 ബില്യണ്‍ ഡോളറായി (34,250 കോടി രൂപ) കണക്കാക്കിയാണ് വില്‍പന. ഇതോടെ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കായിക കമ്പനികളിലൊന്നായി മാഞ്ചസ്റ്റര്‍ സിറ്റി മാറിയിരുന്നു.

Advertising
Advertising

മാഞ്ചസ്റ്റര്‍ സിറ്റിയുടെ 77 ശതമാനം ഓഹരിയും ഇപ്പോഴും കൈവശമുള്ളത് ഷെയ്ഖ് മന്‍സൂറിന്റെ പക്കലാണ്. ചൈനീസ് കണ്‍സോര്‍ഷ്യമാണ് 12 ശതമാനം ഓഹരികളുടെ ഉടമകള്‍. നിലവില്‍ വില്‍പന നടത്തിയ 10 ശതമാനം ഓഹരികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഷെയ്ഖ് മന്‍സൂറിന്റേതാണ്. സിറ്റിയുടെ ഉടമകളായ സി.എഫ്.ജിക്ക് അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, സ്‌പെയിന്‍, ഉറുഗ്വെ, ചൈന എന്നീ രാജ്യങ്ങളിലെ ക്ലബുകളിലും ഓഹരി പങ്കാളിത്തമുണ്ട്. മുംബൈ സിറ്റി എഫ്.സിയുമായുള്ള ഇടപാട് പൂര്‍ത്തിയായാല്‍ ഈ പട്ടികയിലേക്ക് ഇന്ത്യയും കൂടി കടന്നുവരും.

സിറ്റി ഫുട്‌ബോള്‍ ക്ലബിന്‍റെ ഐ.എസ്.എല്‍ ടീമിനെ വാങ്ങാനുള്ള നീക്കം മികച്ചതാണെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും പ്രാദേശിക ക്ലബുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags:    

Similar News