‘ലിവര്‍പൂളിനെ മറികടന്ന് ഞങ്ങള്‍ കിരീടം നിലനിര്‍ത്തുമെന്നത് കിറുക്കന്‍ ചിന്ത’
പ്രീമിയര്‍ ലീഗില്‍ ആകെ 14 കളികളേ ലിവര്‍പൂള്‍ കളിച്ചിട്ടൂള്ളൂ, സീസണില്‍ ഇനിയും 24 കളികള്‍ കളിക്കണം. പക്ഷേ, ഇക്കുറി ചാമ്പ്യന്മാര്‍ ലിവര്‍പൂളെന്ന കാര്യത്തില്‍ സിറ്റി പരിശീലകന് പോലും സംശയമില്ല.
പ്രീമിയര്‍ ലീഗില്‍ പകുതി കളികള്‍ പോലും കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കുറി ചാമ്പ്യന്മാര്‍ ലിവര്‍പൂള്‍ തന്നെയെന്നതില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് പോലും സംശയമില്ല. 100 പോയിന്റ് നേടി ചരിത്രം സൃഷ്ടിച്ച നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിന് പിറകില്‍ രണ്ടാമതുണ്ട്. ഇരുടീമുകളും തമ്മില്‍ എട്ട് പോയിന്റാണ് വ്യത്യാസം. ഇന്ന് നടക്കുന്ന കളിയില്‍ ലിവര്‍പൂള്‍ വിജയിച്ചാല്‍ വ്യത്യാസം വീണ്ടും 11 പോയിന്റായി ഉയരും.
ബേണ്‍ലിക്കെതിരായ മത്സരത്തില്‍ 4-1ന് ജയിച്ച ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്റെ പ്രതികരണം. ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റോഡ്രിഗോയും റിയാദ് മഹ്‌റേസുമായിരുന്നു സിറ്റിക്കുവേണ്ടി ഗോളുകള്‍ നേടിയത്. റോബി ബ്രാന്‍ഡിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോള്‍ മടക്കി.
'പ്രീമിയര്‍ ലീഗ് കിരീടം ആര്‍ക്കെന്ന് സംശയിക്കണ്ട. ആരും ഞങ്ങള്‍ക്ക് സാധ്യത കല്‍പിക്കുന്നില്ല. ലിവര്‍പൂള്‍ തന്നെ ചാമ്പ്യന്മാരെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങള്‍ ഇപ്പോള്‍ കിരീടത്തെക്കുറിച്ചല്ല അടുത്ത മത്സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്' ഗ്വാര്‍ഡിയോള പറഞ്ഞു.
ये à¤à¥€ पà¥�ें- ജീസസിന് ഇരട്ടഗോള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
'ടീമെന്ന നിലയില്‍ കൂടുതല്‍ സ്ഥിരതയുള്ള പ്രകടനം നടത്തുകയാണ് ലക്ഷ്യം. ലീഗ് കിരീടം നേടാനാകുമെന്ന തോന്നല്‍ തന്നെ കിറുക്കന്‍ ചിന്തയാണ്. ശനിയാഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടക്കുന്ന ഡെര്‍ബിയെക്കുറിച്ച് മാത്രമാണ് ടീം ഇപ്പോള്‍ ചിന്തിക്കുന്നത്. മറ്റു ടൂര്‍ണ്ണമെന്റുകളിലും ടീമിന് വിജയിക്കാന്‍ കഴിയണം. ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം എങ്ങനെയൊക്കെ കുറക്കാമെന്നൊക്കെ ചിന്തിക്കുന്നത് മണ്ടത്തരമാണ്' ഗ്വാര്‍ഡിയോള സിറ്റിയുടെ നിലപാട് വ്യക്തമാക്കുന്നു.
ഡിസംബറില്‍ ഏഴ് കളികള്‍ കൂടി മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ട്. അതേസമയം ലിവര്‍പൂളിന് ഒമ്പത് കളികള്‍ കളിക്കണം. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി ഡിസംബറില്‍ പത്ത് കളികളാണ് കളിച്ചതെന്നും പെപ് ഓര്‍മ്മിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള 179ആമത് ഡെര്‍ബിയാണ് ശനിയാഴ്ച്ച എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുക.
സീസണില്‍ ലിവര്‍പൂള്‍ സ്വപ്‌നകുതിപ്പാണ് നടത്തുന്നത്. ഇതുവരെ കളിച്ച 14 കളികളില്‍ 13 ജയവും ഒരു സമനിലയും നേടിയ അവര്‍ 40 പോയിന്റുമായി ഒന്നാമതാണ്. പ്രീമിയര്‍ ലീഗിലെ 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ 100 പോയിന്റ് ഇതേ ഫോമില്‍ ലിവര്‍പൂള്‍ കളിച്ചാല്‍ മറികടക്കുമോ എന്നത് മാത്രമാണ് ഇപ്പോഴത്തെ സംശയം.