സിറ്റിയെ തോല്‍പിച്ച് യുണൈറ്റഡ്, അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍
ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ അതിവേഗം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്. 46 പോയിന്റുള്ള ലിവര്‍പൂളിന് രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍സിറ്റിയേക്കാള്‍ 11 പോയിന്റിന്റെ മുന്‍തൂക്കമുണ്ട്..
പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേരിയ കിരീട സാധ്യതകളെയും ഇല്ലാതാക്കിക്കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ലിവര്‍പൂള്‍ വിജയക്കുതിപ് തുടര്‍ന്നപ്പോള്‍ മൗറീനോ ചുമതലയേറ്റ ശേഷം അഞ്ചില്‍ നാലാം മത്സരം ജയിച്ച് ടോട്ടന്‍ഹാമും ചെല്‍സിയെ തോല്‍പിച്ച് എവര്‍ട്ടണും വിജയങ്ങള്‍ സ്വന്തമാക്കി.
സിറ്റിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1നാണ് പതിറ്റാണ്ടിലെ അവസാന ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരെ തോല്‍പിച്ചത്. ഇതോടെ നിലവിലെ ചാമ്പ്യന്മാരുടെ പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടായിരിക്കുകയാണ്. പോയിന്റ് നിലയില്‍ മുന്നിലുള്ള ലിവര്‍പൂളുമായി സിറ്റിക്ക് 14 പോയിന്റിന്റെ വ്യത്യാസമാണ് നിലവിലുള്ളത്.
സീസണിലെ അപരാജിത കുതിപ്പ് ലിവര്‍പൂള്‍ തുടര്‍ന്നു. ബേണ്‍ മൗത്തിനെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കായിരുന്നു ക്ലോപ്പിന്റെ ചുവപ്പു സംഘം തോല്‍പിച്ചത്. അലക്‌സ് ചെംബര്‍ലിന്‍, നാബി കെയ്റ്റ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.
ടോട്ടന്‍ഹാം മാനേജരായി യോസെ മൗറീന്യോ സ്ഥാനമേറ്റ ശേഷം നാലാം ജയമാണ് ടോട്ടന്‍ഹാം കുറിച്ചത്. ബേണ്‍ലിയെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കായിരുന്നു ടോട്ടന്നം തകര്‍ത്തത്. ഹാരികെയ്ന്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ലൂക്കസ് മോറ(9), സണ്‍ മിന്‍(32), മൗസ സിസോകോ(74) എന്നിവരാണ് ടോട്ടന്നത്തിനായി മറ്റു ഗോളുകള്‍ നേടിയത്. ലീഗില്‍ ആറാമതാണ് ടോട്ടന്നം
ചെല്‍സിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എവര്‍ട്ടന്‍ ഞെട്ടിച്ചത്. സീസണില്‍ മോശം ഫോമില്‍ തുടരുന്ന എവര്‍ട്ടന് വലിയ ആശ്വാസമാകുന്ന ജയമാണിത്. ജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാകാനും എവര്‍ട്ടണായി. 29 പോയിന്റുള്ള ചെല്‍സി നാലാമതും 17 പോയിന്റുള്ള എവര്‍ട്ടന്‍ 14ാം സ്ഥാനത്തുമാണ്.