മെസിയില്ലെങ്കിലെന്താ അന്‍സുവുണ്ടല്ലോ!
ഇന്റര്‍മിലാനെതിരെ ബാഴ്‌സലോണയുടെ വിജയഗോള്‍ നേടിയത് 2002ല്‍ ജനിച്ച അന്‍സു ഫാറ്റിയായിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍...
ചാമ്പ്യന്‍സ് ലീഗില്‍ മുന്നോട്ട് പോകണമെങ്കില്‍ ജയമല്ലാതൊന്നും ഇന്റര്‍മിലാന് സ്വീകര്യമല്ലായിരുന്നു. ബാഴ്‌സലോണയാകട്ടെ നേരത്തേ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചതിനാല്‍ യുവനിരയുമായാണ് എത്തിയത്. എന്നിട്ടും സ്വന്തം മൈതാനമായ സാന്‍ സിറോയില്‍ ബാഴ്‌സലോണയുടെ പയ്യന്‍സ് ഇന്റര്‍മിലാനെ 2-1ന് അരിഞ്ഞിട്ടു.
ലയണല്‍ മെസിയും ജെറാര്‍ഡ് പിക്വെയും ബാഴ്‌സലോണ ടീമിനൊപ്പം പോലുമുണ്ടായിരുന്നില്ല. സുവാരസ്, സെര്‍ജിയോ ബസ്‌ക്വിറ്റ്‌സ്, ഡിജോങ് തുടങ്ങി താരസമ്പന്നമായിരുന്നു ബാഴ്‌സലോണയുടെ സൈഡ് ബെഞ്ച്. ഇവാന്‍ റാക്കിടിക് ക്യാപ്റ്റനായ ബാഴ്‌സലോണ ഒരു പിടി യുവതാരങ്ങളുമായാണ് ഇന്റര്‍മിലാനെ നേരിടാനെത്തിയത് സീരി എയില്‍ മുന്‍നിരക്കാരായ ഇന്ററിനെ പിടിക്കാന്‍ അത് പോരെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍, ഇന്ററിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കണ്ണീരുകുടിപ്പിച്ചാണ് ബാഴ്‌സലോണയുടെ യുവനിര കളി അവസാനിപ്പിച്ചത്.
ജയിക്കണമെന്ന ആവേശത്തിലായിരുന്നു ഇന്റര്‍മിലാന്‍ കളി തുടങ്ങിയത്. വലതുപാര്‍ശ്വത്തില്‍ ലൗറാറ്റോ മാര്‍ട്ടിനസ് ആവേശമായി. പലകുറി ഇന്റര്‍മിലാന്‍ ബാഴ്‌സലോണ പ്രതിരോധത്തെ പരീക്ഷിച്ചു. മത്സരത്തിനിടെ ഇന്റര്‍ മൂന്നു തവണ നേടിയ ഗോളുകള്‍ ഓഫ് സൈഡില്‍ കുരുങ്ങുകയും ചെയ്തു.
23ആം മിനുറ്റില്‍ 21കാരനായ കാര്‍ലെസ് പെരസിലൂടെയാണ് ബാഴ്‌സലോണ മുന്നിലെത്തിയത്. ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കുകയാണെന്ന യാതൊരു അങ്കലാപ്പുമില്ലാതെയായിരുന്നു കാര്‍ലെസ് പെരസിന്റെ നീക്കങ്ങള്‍. വരും വര്‍ഷങ്ങളില്‍ ബാഴ്‌സലോണ നിരയില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമാകും കാര്‍ലെസെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ആദ്യ പകുതിതീരും മുമ്പേ 44ആം മിനുറ്റില്‍ റൊമേലു ലുകാക്കു ഗോള്‍ മടക്കി.
ഇന്റര്‍മിലാനെതിരായ മത്സരത്തിലെ സൂപ്പര്‍സ്റ്റാര്‍ 17കാരനായ അന്‍സു ഫാറ്റിയായിരുന്നു. പകരക്കാരനായിറങ്ങി ഒരു മിനുറ്റിനുള്ളില്‍ ഗോളടിച്ച കൗമാര വിസ്മയം. ലൂയി സുവാരസുമൊത്തുള്ള നീക്കത്തിനൊടുവില്‍ നിലം പറ്റെയുള്ള അടിയിലൂടെയാണ് അന്‍സു ഇന്റര്‍ മിലാന്റെ നെഞ്ചു തുളക്കുന്ന ഗോള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോഡ് പുസ്തകത്തിലേക്കും അന്‍സു ഫാറ്റി സ്വന്തം പേര് ഏഴുതി ചേര്‍ത്തു. ഇന്റര്‍മിലാനെതിരെ ഗോള്‍ നേടുമ്പോള്‍ 17 വയസും 40 ദിവസവുമായിരുന്നു അന്‍സുവിന്റെ പ്രായം. കഴിഞ്ഞ ആഗസ്തില്‍ ബാഴ്‌സലോണക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും അന്‍സു ഫാറ്റി സ്വന്തമാക്കിയിരുന്നു.
ബാഴ്‌സലോണ യുവതാരങ്ങളെ ഫലപ്രദമായി കണ്ടെത്തുന്നുവെന്നതിന്റെ തെളിവുകളാണ് അന്‍സു ഫാറ്റിയും കാര്‍ലെസ് പെരസും, മധ്യനിരതാരം കാര്‍ലെസ് അലെനയുമെല്ലാം. ഇന്റര്‍മിലാനെതിരായ കളിയില്‍ ഇന്ററിന്റെ പകുതിയില്‍ അവരുടെ ഏത് താരത്തേക്കാളും കൂടുതല്‍ പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് 21കാരനായ കാര്‍ലെസ് അലെനയായിരുന്നു. ഇവരൊക്കെയാണ് മെസിയില്ലെങ്കിലും ബാഴ്‌സലോണ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന തോന്നലുണ്ടാക്കുന്നത്.