യൂറോപ്പ ലീഗ്: അഴ്‌സണലും യുണൈറ്റഡും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍
കൗമാരതാരങ്ങളുടെ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും അഴ്‌സണലിനേയും ഗ്രൂപ്പ് ചാമ്പ്യന്മാരാക്കിയതില്‍ നിര്‍ണ്ണായകമായത്...
അഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും യുവേഫ യൂറോപ്പ ലീഗിന്റെ നോക്കൗട്ടില്‍. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇരു ടീമുകളും നോക്കൗട്ടിലെത്തിയിരിക്കുന്നത്. അഴ്‌സണല്‍ 2-2ന് സ്റ്റാന്‍ഡേഡ് ലീഗുമായി സമനില പാലിച്ചപ്പോള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ഗ്രൂപ്പ് എല്ലില്‍ അല്‍ക്മാറിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം.
യൂറോപ്പ ലീഗില്‍ നോക്കൗട്ടിലെത്തിയ ടീമുകള്‍ ഏതെല്ലാമെന്ന് നോക്കാം
കൗമാരതാരങ്ങളുടെ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും അഴ്‌സണലിനേയും ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി നോക്കൗട്ടിലെത്തിച്ചത്. സീസണില്‍ നാലാം യൂറോപ്പ ലീഗ് മത്സരത്തിനിറങ്ങിയ ബുകായോ സാകയായിരുന്നു അഴ്‌സണലിന് സമനില(2-2) ഒരുക്കി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. വഴിമാറി വന്ന രണ്ട് ഗോളുകള്‍ അഴ്‌സണലിനെ തോല്‍വിയുടെ വക്കത്തെത്തിച്ചതായിരുന്നു. എന്നാല്‍ കൗമാരക്കാരന്‍ സാക്ക ഒരു ഗോളും അസിസ്റ്റും നല്‍കി അഴ്‌സണലിനെ സമനിലയ്ക്ക് സഹായിച്ചു.
മറ്റൊരു പതിനെട്ടുകാരന്‍ മാസണ്‍ ഗ്രീന്‍വുഡായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. രണ്ട് ഗോളുകള്‍ അടിച്ച ഗ്രീന്‍വുഡ് ഒരു പെനല്‍റ്റിയും മാഞ്ചസ്റ്ററിനായി നേടിക്കൊടുത്തു. ഇതോടെ മാസണ്‍ ഗ്രീന്‍വുഡിന് സീസണില്‍ ആറ് ഗോളായി. ഗോളുകളുടെ എണ്ണത്തില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡ്(13) മാത്രമാണ് സഹതാരങ്ങളില്‍ മാസണ് മുന്നിലുള്ളത്.
11 മിനുറ്റിനുള്ളില്‍ നാല് ഗോളുകള്‍ അടിച്ചാണ് വോള്‍വ്‌സ് ബെസിക്റ്റാസിനെ തോല്‍പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനം നേടി ഗ്രൂപ് കെയില്‍ നിന്നും വോള്‍വ്‌സ് നോക്കൗട്ടിലെത്തുകയും ചെയ്തു. വോള്‍വ്‌സിനായി തിളങ്ങിയത് ഹാട്രിക് നേടിയ 23കാരന്‍ ദിയേഗോ ജോട്ടയായിരുന്നു. 56ആം മിനുറ്റില്‍ പകരക്കാരനായിട്ടാണ് ഇറങ്ങിയതെങ്കിലും കളിയുടെ തലക്കെട്ട് മാറ്റിയത് ജോട്ടയായിരുന്നു. 57, 63, 68 മിനുറ്റുകളില്‍ ഗോള്‍ നേടിയാണ് ജോട്ട ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.