ഡി ബ്രൂയിന്‍ ഷോയില്‍ അഴ്‌സണല്‍ തകര്‍ന്നു
പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങളില്‍ അപരാജിതരായിരുന്ന വോള്‍വ്‌സിനെ ടോട്ടന്നം തോല്‍പിച്ചപ്പോള്‍ ലിവര്‍പൂള്‍ ജയത്തോടെ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചു...
പ്രീമിയര്‍ ലീഗിലെ സീസണിലെ ഏറ്റവും മികച്ചതും ആധികാരികമായതുമായ ആദ്യ പകുതിയിലൂടെയാണ് കെവിന്‍ ഡിബ്രൂയിനും മാഞ്ചസ്റ്റര്‍ സിറ്റിയും അഴ്‌സണലിനെ തോല്‍പിച്ചു കളഞ്ഞത്. ലിവര്‍പൂള്‍ പതിവുപോലെ ജയം തുടര്‍ന്നപ്പോള്‍ ഗോളി ഡേവിഡ് ഡി ഗായുടെ പിഴവില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണുമായി സമനില വഴങ്ങി. 91ആം മിനുറ്റില്‍ ജാന്‍ വെര്‍ട്ടന്‍ഗന്‍ നേടിയ വിന്നറിലൂടെയാണ് വോള്‍വ്‌സിനെ ടോട്ടന്‍ഹാം തോല്‍പിച്ചുകളഞ്ഞത്.
പ്രീമിയര്‍ ലീഗിന്റെ സീസണിലെ മത്സരങ്ങള്‍ പതിനേഴാം ആഴ്ച്ച പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂള്‍ 49 പോയിന്റുമായി (17 കളി) ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ 10 പോയിന്റിന്റെ മുന്‍തൂക്കമാണ് ലിവര്‍പൂളിനുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 35 പോയിന്റുമായി(17 കളി) മൂന്നാമത് തുടരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി അഴ്‌സണല്‍ മത്സരത്തിന്റെ ആദ്യ പകുതി കെവിന്‍ ഡിബ്രൂയിന്‍ ഷോയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഡിബ്രൂയിന്‍ കളം നിറഞ്ഞു. പാസിംങിലെ കൃത്യതയിലും ടാക്ലിംങുകളിലും 100 ശതമാനമായിരുന്നു ഡിബ്രൂയിന്റെ കണക്ക്!. രണ്ടാം മിനുറ്റില്‍ തന്നെ ഗോളടിച്ച ഡിബ്രൂയിന്‍ 15ആം മിനുറ്റില്‍ റഹീം സ്‌റ്റെര്‍ലിംങിനെകൊണ്ട് ഗോളടിപ്പിക്കുകയും ആദ്യ പകുതി തീരാന്‍ അഞ്ച് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ മൂന്നാം ഗോള്‍ നേടുകയും ചെയ്തു.
ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗായുടെ പിഴവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആദ്യ പകുതിയുടെ 36ആം മിനുറ്റില്‍ പിന്നിലാക്കിയത്. പിന്നീട് രണ്ടാം പകുതിയില്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് ഒപ്പമെത്തിയെങ്കിലും കളി സമനിലയില്‍ അവസാനിച്ചു. വോള്‍വ്‌സിന്റെ 11 കളികള്‍ നീണ്ട അപരാജിത പ്രയാണം ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ അവസാനിപ്പിച്ചു. 91ആം മിനുറ്റില്‍ ജാന്‍ വെര്‍ട്ടന്‍ഗെന്‍ നേടിയ ഗോളാണ് ടോട്ടന്നത്തിന് 2-1ന്റെ ജയം സമ്മാനിച്ചത്.