ഇതെന്തൊരു തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ്

നാലാം തോല്‍വിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് വീണു.

Update: 2019-12-20 17:09 GMT

ആദ്യപകുതിയില്‍ നാല് ഗോളുകള്‍ വീണ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 3-1ന്റെ ജയം. ആന്ദ്രേ ചേമ്പ്രി(4) ലാലിയന്‍സുവാല(30), വാല്‍സ്‌കിസ്(40) എന്നിവര്‍ ആതിഥേയരായ ചെന്നൈക്കുവേണ്ടി ഗോള്‍ നേടിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയുടെ(14) വകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ് സൂചിപ്പിക്കും പോലെ അത്രമേല്‍ ഏകപക്ഷീയമായിരുന്നില്ല ചെന്നൈയിന്‍ എഫ്.സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി. എന്നാല്‍ ഗോളടിക്കാന്‍ കളിക്കാര്‍ മറന്നതും ഗോള്‍ നേടിയ ക്യാപ്റ്റന്‍ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

Advertising
Advertising

നാലാം മിനുറ്റില്‍ ചേമ്പ്രിയുടെ ഗോളോടെയാണ് കളി ഉണര്‍ന്നത്. സമനിലക്കായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങള്‍ക്ക് 14ആം മിനുറ്റില്‍ ഫലം ലഭിച്ചു. ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് മാരിയോ ആര്‍ക്വേസ് പതുക്കെ തട്ടിക്കൊടുത്തത് നേരെ ഗോള്‍വലയിലേക്ക് ഓഗ്‌ബെച്ചെ അടിച്ചുകയറ്റി.

25ആം മിനുറ്റില്‍ ഫ്രീകിക്കില്‍ നിന്നും ചെന്നൈയിന്‍ നേടിയഗോള്‍ റഫറി പിന്‍വലിച്ചതോടെയാണ് കളി ചൂടേറിയത്. തെറ്റായി അനുവദിച്ച ഫ്രീകിക്കിനെ തുടര്‍ന്നുള്ള ഗോള്‍ റഫറി പിന്‍വലിച്ചു. അഞ്ച് മിനുറ്റോളം റഫറിയുമായി ചെന്നൈയിന്‍ എഫ്.സി താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരമ്പിയെത്തിയ ചെന്നൈയിന്‍ എഫ്.സി താരങ്ങള്‍ രണ്ട് തവണ കൂടി ലക്ഷ്യം കണ്ടാണ് നിര്‍ത്തിയത്.

ജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി എട്ടാം സ്ഥാനത്തേക്ക് കയറി. എട്ടാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് വീണു. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ നാലാം തോല്‍വിയാണിത്.

Tags:    

Similar News