വംശീയാധിക്ഷേപം തലക്കുപിടിച്ച് പ്രീമിയര്‍ലീഗ്
തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തുന്ന കാണികളെ കളി കാണുന്നതില്‍ നിന്നും ആജീവനാന്തം പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്വന്തം കാണികളെ നിലക്കു നിര്‍ത്താന്‍ ക്ലബുകള്‍ എന്ത് നടപടിയെടുക്കുമെന്നതും...
ആവര്‍ത്തിക്കുന്ന പരാതികള്‍ക്കിടയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വംശീയാധിക്ഷേപത്തിന്റെ സംഭവങ്ങള്‍ പെരുകുന്നു. ടോട്ടന്നത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി തോല്‍പിച്ച മത്സരവും വംശീയാധിക്ഷേപങ്ങളാലാണ് കുപ്രസിദ്ധി നേടിയത്. ബ്രസീലിയന്‍ താരം വില്യന്‍ ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളോടെയാണ് ചെല്‍സി ജയം ഉറപ്പിച്ചത്.
32 പോയിന്റുള്ള ചെല്‍സിക്ക് അഞ്ചാമതുള്ള ഷെഫീല്‍ഡ് യുണൈറ്റഡുമായി നാല് പോയിന്റിന്റെ മുന്‍തൂക്കമായി. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത ലഭിക്കുക. ചെല്‍സിയുടെ നേട്ടത്തേക്കാള്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ ആരാധകരുടെ മോശം പെരുമാറ്റമാണ് ഈ മത്സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
ഈ മാസം ആദ്യം നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലും വംശീയാധിക്ഷേപം പ്രധാന വിഷയമായി മാറിയിരുന്നു.
ചെല്‍സി ടോട്ടന്നം മത്സരത്തിന്റെ 62ആം മിനുറ്റിലായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. ടോട്ടന്നത്തിന്റെ സണ്‍ ഹ്യൂങ് മിന്നിന് ചെല്‍സി പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗറിനെ ഫൗള്‍ ചെയ്തതിന് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചു. വാര്‍ പരിശോധനക്ക് ശേഷമായിരുന്നു സണ്ണിന് ചുവപ്പ് കിട്ടിയത്.
ഇതോടെ ടോട്ടന്നം ആരാധകര്‍ റീഡിഗറിന് നേരെ തിരിയുകയായിരുന്നു. കുരങ്ങിനെ പോലെ ആംഗ്യം കാണിച്ച് താന്‍ വംശീയാധിക്ഷേപത്തിന് വിധേയമായെന്ന സൂചനയും റീഡിഗര്‍ നല്‍കി. ഇക്കാര്യം പിന്നീട് ചെല്‍സി ക്യാപ്റ്റനും ശരിവെച്ചു.
ചെല്‍സി ഗോളി കെപ അരിസബലാഗക്കു നേരെ കാണികള്‍ വസ്തുക്കള്‍ എടുത്തെറിഞ്ഞതും വിവാദമായി. മത്സരത്തിനിടെ റഫറിക്ക് രണ്ട് ടീമുകളുടേയും പരിശീലകരെ കണ്ട് വംശീയാധിക്ഷേപം കാണികള്‍ നടത്തുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടി വന്നു. മൂന്ന് തവണയാണ് കളിക്കിടെ വംശീയാധിക്ഷേപം പാടില്ലെന്ന് സ്റ്റേഡിയത്തില്‍ അറിയിപ്പ് നല്‍കേണ്ടി വന്നത്.
കാണികള്‍ കളിക്കാര്‍ക്കു നേരെ വംശീയാധിക്ഷേപം നടത്തുന്ന സംഭവം ഏറുന്നതിനാല്‍ കടുത്ത നടപടി യുവേഫ എടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സ്വന്തം കാണികളെ നിലക്കു നിര്‍ത്താന്‍ ക്ലബുകള്‍ എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു.