‘വാതുവെപ്പിന് അടിമയായിരുന്നു’ വെയ്ന്‍ റൂണിയുടെ വെളിപ്പെടുത്തല്‍
“ഏഴ് മുതല്‍ പത്ത് ദിവസം വരെ ഹോട്ടലുകളിലാണ് താമസിക്കാറ്. സമയം കളയാന്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടായിരുന്നു. ചെറു പ്രായവും കയ്യില്‍ ഒരുപാട് പണവും. ഇതാണ് വാതുവെപ്പിലെത്തിച്ചത്”
വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഒരുകാലത്ത് തന്റെ ഫുട്‌ബോള്‍ കരിയര്‍ തന്നെ ഈ ശീലംകൊണ്ട് ഭീഷണിയിലായിരുന്നുവെന്നും മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. പതിനാറാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ ഒരുകാലത്ത് ഇംഗ്ലണ്ടിന്റെ വണ്ടര്‍ കിഡായിരുന്ന റൂണിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാതുവെപ്പിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന 32റെഡ്‌സിന്റെ കാമ്പയിന്റെ ഭാഗമായാണ് റൂണിയുടെ തുറന്നുപറച്ചില്‍.
എല്ലാ വാതുവെപ്പ് അടിമകളേയും പോലെ ആദ്യം കുറേവാതുവെപ്പ്് ജയിച്ച് പണം ലഭിച്ചിരുന്നുവെന്ന് റൂണി സമ്മതിക്കുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി തിരിച്ചടികളുണ്ടായി വലിയ തുകകള്‍ നിരന്തരം നഷ്ടമായി. അപ്പോഴെല്ലാം ആദ്യത്തെ വിജയങ്ങളുടെ ഓര്‍മ്മയില്‍ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ വീണ്ടും വാതുവെപ്പ് നടത്തുകയായിരുന്നുവെന്നും റൂണി പറയുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച ഗോള്‍സ്‌കോററായ റൂണി(253) തനിക്ക് ലഭിച്ച പണത്തില്‍ വലിയൊരു ഭാഗം പോയത് വാതുവെപ്പുകാരിലേക്കാണെന്നാണ് സമ്മതിച്ചിരിക്കുന്നത്.
'മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എല്ലാ എവേ മത്സരങ്ങളിലും(പ്രത്യേകിച്ച് ഇംഗ്ലണ്ടിന് പുറത്ത്) കളിക്കാര്‍ ഏഴ് മുതല്‍ പത്ത് ദിവസം വരെ ഹോട്ടലുകളിലാണ് താമസിക്കാറ്. സമയം കളയാന്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടായിരുന്നു. ചെറു പ്രായവും കയ്യില്‍ ഒരുപാട് പണവും. ഇതാണ് വാതുവെപ്പിലെത്തിച്ചത്' റൂണി പറയുന്നു.
ഫോണ്‍ വഴി വാതുവെപ്പ് വളരെ എളുപ്പമായിരുന്നു. പലപ്പോഴും പണമാണ് പോകുന്നതെന്ന് പോലും വാതുവെക്കുന്നയാള്‍ തിരിച്ചറിയാത്ത രീതിയിലായിരുന്നു കളികള്‍. ആദ്യഘട്ടത്തില്‍ പലവാതുവെപ്പുകളും ജയിച്ചതോടെ ഇത് പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായാണ് കരുതിയതെന്നും റൂണി പറഞ്ഞു. പിന്നീട് വലിയ തുകകള്‍ നഷ്ടമാകുമ്പോഴും അടുത്തതവണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. വാതുവെപ്പിന്റെ സമ്മര്‍ദം തന്റെ കളിയെ പോലും പലപ്പോഴും ബാധിച്ചിരുന്നതായും ഇംഗ്ലീഷ് താരം തുറന്നു സമ്മതിക്കുന്നു.
'തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ എനിക്കായി. പണം ഒരു പാട് നഷ്ടമായെങ്കിലും പിന്നീട് ആവശ്യത്തിന് സമ്പാദിക്കാന്‍ സാധിച്ചു. വാതുവെപ്പ് തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വലിയ നഷ്ടങ്ങളേ ഉണ്ടാകൂ'റൂണി ഓര്‍മ്മിപ്പിക്കുന്നു.