ഉണരൂ ബ്ലാസ്റ്റേഴ്‌സ്, ഉണരൂ...
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെതിരെ കൊച്ചിയിലാണ് മത്സരം...
ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് അവരുടെ തട്ടകത്ത് വെച്ച് നടന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വൈകീട്ട് 7.30ന് കൊച്ചിയിലാണ് മത്സരം.
പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങാം എന്ന പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. താരതമ്യേന ദുര്‍ബലരായ ഹൈദരാബാദാണ് എതിരാളികള്‍. 10 കളികള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകള്‍ക്കും ഒരു ജയം മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു ഹൈദരാബാദിന് ജയിക്കാനായത് ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രമാണ്.
ഹൈദരാബാദില്‍ ഏറ്റ തോല്‍വിക്ക് കൊച്ചിയില്‍ മറുപടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീമില്‍ ഇപ്പോഴും പുര്‍ണവിശ്വാസം അര്‍പ്പിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരി പറഞ്ഞു.
ഐ.എസ്.എല്ലില്‍ ഇനി എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിനെതിരെ വിജയം കണ്ടേ തീരൂ. 10 കളികളില്‍ ഏഴെണ്ണവും പരാജയപ്പെട്ട ഹൈദരാബാദ് ലീഗില്‍ നിന്ന് പുറത്തായ നിലയിലാണ്. പത്ത് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.