ലാസിയോ ആരാധകരേ, നാണമില്ലേ നിങ്ങള്‍ക്ക്... തുറന്നടിച്ച് ബലോട്ടെല്ലി
കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുമ്പോഴും ലാസിയോ ആരാധകര്‍ പ്രതിക്കൂട്ടിലാണ്. അധിക്ഷേപം തുടര്‍ന്നാല്‍ ലാസിയോക്ക് ശിക്ഷ വിധിക്കുമെന്ന അറിയിപ്പ് സ്റ്റേഡിയത്തില്‍...
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എയില്‍ വീണ്ടും വംശീയാധിക്ഷേപം. ലാസിയോ ആരാധകരുടെ അധിക്ഷേപത്തിനിരയായ ബലോട്ടെല്ലി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ബലോട്ടെല്ലി ഗോള്‍ നേടിയെങ്കിലും അദ്ദേഹത്തിന്റെ ബ്രസിക്ക 1-2ന് ലാസിയോയോട് തോല്‍വി ഏറ്റുവാങ്ങി. ലാസിയോയുടെ ആരാധകര്‍ക്ക് നാണമില്ലേ എന്നായിരുന്നു ബലോട്ടെല്ലി പ്രതികരിച്ചത്.
മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ ബലോട്ടെല്ലിയാണ് ആദ്യമായി ഗോള്‍ നേടിയത്. ബ്രസിക്കയുടെ സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ വൈകാതെ രണ്ട് ഗോള്‍ തിരിച്ചടിച്ച് ലാസിയോ മത്സരം വരുതിയിലാക്കി. കളി ജയിച്ചെങ്കിലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ മനസ് മടുപ്പിക്കുന്ന പ്രകടനമാണ് ലാസിയോ ആരാധകര്‍ നടത്തിയത്. ഇത് രണ്ടാം തവണയാണ് ലാസിയോ ആരാധകര്‍ ബലോട്ടെല്ലിക്കെതിരെ വംശായാധിക്ഷേപം നടത്തുന്നത്.
ലാസിയോ പരിശീലകന്‍ ഇന്‍സാഗി തന്നെ തന്റെ ടീമിന്റെ ആരാധകരോട് അധിക്ഷേപമരുതെന്ന അപേക്ഷയുമായി മത്സരത്തിനിടെ രംഗത്തെത്തി. എന്നാല്‍ ഇതൊന്നും വഴങ്ങാതെ വന്നതോടെ സ്‌റ്റേഡിയത്തില്‍ പരസ്യ അനൗണ്‍സ്‌മെന്റും നടത്തി. വീണ്ടും അധിക്ഷേപം തുടര്‍ന്നാല്‍ കളി ഉപേക്ഷിക്കേണ്ടി വരുമെന്നും ലാസിയോക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും അനൗണ്‍സ്‌മെന്റിലൂടെ അറിയിച്ചു. എണ്ണത്തില്‍ കൂടുതലായിരുന്ന ബ്രെസിക ആരാധകര്‍ വിസിലടികളും കൂക്കിവിളികളുമായി ലാസിയോ ആരാധകരുടെ അധിക്ഷേപങ്ങളെ മറികടക്കാനുള്ള ശ്രമവും നടത്തുന്നുണ്ടായിരുന്നു.
മത്സരശേഷം തങ്ങളുടെ 'ചെറിയൊരുവിഭാഗം ആരാധകരുടെ' ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്ന് ലാസിയോ അറിയിച്ചു. ബലോട്ടെല്ലി മാത്രമല്ല ഇന്റര്‍മിലാന്റെ റൊമേലു ലുക്കാക്കുവിനും എ.സി മിലാന്റെ ഫ്രാങ്ക് കെസിക്കും ഫ്‌ളോറെന്റിനയുടെ ഡാല്‍ബെര്‍ട്ടിനുമെല്ലാം ഈ സീസണില്‍ തന്നെ അധിക്ഷേപങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. വംശീയാധിക്ഷേപത്തിനെതിരായ കാംമ്പയിനിന് സീരി എ പുറത്തിറക്കിയ മൂന്ന് കുരങ്ങുകളുടെ പടമുള്ള ചിത്രവും നേരത്തെ വിവാദമായിരുന്നു.