ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം സാദിയോ മാനെക്ക്
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളില്‍ അംഗമായ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പരിശീലകരും ടീം ക്യാപ്റ്റന്മാരും വോട്ട് ചെയ്താണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
പുരുഷവിഭാഗം ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സാദിയോ മാനെക്ക്. ഈജിപ്തില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍(സി.എ.എഫ്) അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം മാനെക്ക് കൈമാറി. സെനഗലുകാരനായ സാദിയോ മാനെ പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിനുവേണ്ടിയാണ് കളിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗും കഴിഞ്ഞ മാസം ഫിഫ ക്ലബ് ലോകകപ്പും ലിവര്‍പൂള്‍ നേടിയത് മാനെയുടെ കൂടി മിടുക്കിലായിരുന്നു. നിലവില്‍ മാനെയും ലിവര്‍പൂളും പ്രീമിയര്‍ ലീഗില്‍ സ്വപ്‌നതുല്യമായ ഫോമിലാണ്. 20 കളികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 19 ജയവും ഒരു സമനിലയുമായി ലിവര്‍പൂള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനക്കാരേക്കാള്‍ 13 പോയിന്റിന്റെ മുന്‍തൂക്കവുമായാണ് അതിവേഗം ലിവര്‍പൂള്‍ പ്രീമിയര്‍ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നത്.
സെനഗലിനുവേണ്ടിയും പോയവര്‍ഷം മാനെ മികച്ച പ്രകടനമാണ് നടത്തിയത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍ഫൈനലിലെത്തിയിരുന്നു. കലാശപ്പോരാട്ടത്തില്‍ അള്‍ജീരിയയോടാണ് അവര്‍ തോല്‍വി സമ്മതിച്ചത്. മൂന്ന് ഗോളുകളും ടൂര്‍ണ്ണമെന്റിനിടെ മാനെ നേടിയിരുന്നു. പോയവര്‍ഷം ലിവര്‍പൂളിന് വേണ്ടി 31 ഗോളുകള്‍ അടിച്ചുകൂട്ടിയ മാനെ 13 അസിസ്റ്റുകളും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടും മാനെ നേടിയിരുന്നു. ബാലണ്‍ ഡി ഓറില്‍ നാലാമതെത്തിയ മാനെ ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതും എത്തിയിരുന്നു. പോയവര്‍ഷത്തെ പ്രീമിയര്‍ലീഗ്, ചാമ്പ്യന്‍സ് ലീഗ് ടീമുകളിലും മാനെ ഇടം നേടിയിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പരിശീലകരും ടീം ക്യാപ്റ്റന്മാരും വോട്ട് ചെയ്താണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നത്. മറ്റ് അവാര്‍ഡുകള്‍- മികച്ച വനിതാ താരം(അസിസാറ്റ് ഒഷോള, നൈജീരിയ), മികച്ച യുവതാരം(അച്‌റാഫ് ഹാക്കിമിവോന്‍, മൊറോക്കോ), മികച്ച പരിശീലകന്‍ ജമേല്‍ ബെല്‍മാദി(അള്‍ജീരിയ), മികച്ച പുരുഷ ടീം(അള്‍ജീരിയ), മികച്ചവനിതാ ടീം(കാമറൂണ്‍)