ബലോട്ടെല്ലിക്കെതിരെ വംശീയാധിക്ഷേപം: ലാസിയോക്ക് 15.88 ലക്ഷം പിഴ
മത്സരത്തിനിടെ ആരാധകര്‍ പരിധിവിട്ടതിനെ തുടര്‍ന്ന് ലാസിയോയും ബ്രസിക്കയും തമ്മിലുള്ള കളി ഇടക്കുവെച്ച് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
മാരിയോ ബലോട്ടെല്ലിയെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ് ലാസിയോക്ക് 20000 യൂറോ(ഏകദേശം 15.88 ലക്ഷം രൂപ) പിഴ. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എ അധികൃതരാണ് ലാസിയോക്ക് പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തിനിടെ ആരാധകര്‍ പരിധിവിട്ടതിനെ തുടര്‍ന്ന് ലാസിയോയും ബ്രസിക്കയും തമ്മിലുള്ള കളി ഇടക്കുവെച്ച് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ബ്രസിക്ക താരമായ ബലോട്ടെല്ലി ഗോള്‍ നേടിയതിന് പിന്നാലെയാണ് ലാസിയോ ആരാധകര്‍ വംശീയാധിക്ഷേപം തുടങ്ങിയത്. പിന്നീട് രണ്ട് ഗോള്‍ തിരിച്ചടിച്ച് ലാസിയോ കളി ജയിച്ചിരുന്നു. ലാസിയോ ആരാധകരുടെ പ്രവര്‍ത്തികള്‍ അവരെ പോലും നാണം കെടുത്തുന്നതാണെന്നായിരുന്നു മത്സരശേഷം 29കാരനായ ബലോട്ടെല്ലി പ്രതികരിച്ചത്.
ये à¤à¥€ पà¥�ें- ലാസിയോ ആരാധകരേ, നാണമില്ലേ നിങ്ങള്‍ക്ക്... തുറന്നടിച്ച് ബലോട്ടെല്ലി
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രോസിക്യൂട്ടര്‍ മുമ്പാകെ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും സീരി എ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ആവശ്യമെന്ന് കണ്ടാല്‍ കൂടുതല്‍ ശിക്ഷ നല്‍കാനും പ്രോസിക്യൂട്ടര്‍ക്കാകും. സ്റ്റേഡിയത്തിലെ വിലക്ക് അടക്കമുള്ളവ ലാസിയോ ആരാധകര്‍ക്ക് നേരിടാനുള്ള സാധ്യതയും തള്ളാനാവില്ല.
മത്സരശേഷം തങ്ങളുടെ 'ചെറിയൊരുവിഭാഗം ആരാധകരുടെ' ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്ന് ലാസിയോ അറിയിച്ചു. ബലോട്ടെല്ലി മാത്രമല്ല ഇന്റര്‍മിലാന്റെ റൊമേലു ലുക്കാക്കുവിനും എ.സി മിലാന്റെ ഫ്രാങ്ക് കെസിക്കും ഫ്‌ളോറെന്റിനയുടെ ഡാല്‍ബെര്‍ട്ടിനുമെല്ലാം ഈ സീസണില്‍ തന്നെ അധിക്ഷേപങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഹെല്ലാസ് വെറോണക്കെതിരായ മത്സരത്തിനിടെ വംശീയാധിക്ഷേപം തുടര്‍ന്നാല്‍ കളിക്കില്ലെന്ന് ബലോട്ടെല്ലിക്ക് നിലപാടെടുക്കേണ്ടി വന്നിരുന്നു.