അഞ്ച് ഗോള്‍ പിറന്ന ആവേശക്കളിയില്‍ ഗോകുലത്തിന് തോല്‍വി
ഇഞ്ചുറി ടൈമില്‍ മൂന്ന് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ മൂന്ന് ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ഗോകുലം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.
നിര്‍ണ്ണായക മത്സരത്തില്‍ നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയോട് ഗോകുലം കേരള എഫ്‌സി പൊരുതി തോറ്റു. അഞ്ചാമത്സരത്തില്‍ 2-3നായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ഇഞ്ചുറി ടൈമില്‍ മൂന്ന് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ മൂന്ന് ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ഗോകുലം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.
കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യത്തില്‍ ഗോകുലമായിരുന്നു തുടക്കത്തില്‍ കളി നിയന്ത്രിച്ചത്. ആദ്യപകുതിയില്‍ അവര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് ഗോകുലത്തിന് പിന്നീട് വലിയവില നല്‍കേണ്ടി വന്നു. ആറാം മിനുറ്റില്‍ ഗോകുലം ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് തന്നെ സുവര്‍ണാവസരംപാഴാക്കി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. പാസ് സ്വീകരിച്ച ചെന്നൈ സിറ്റി താരം ഫിറ്റോ ഗോകുലം ഗോളി വിഗ്നേശ്വരന്‍ ഭാസ്‌കരനെ മറികടന്ന് വല ചലിപ്പിച്ചു.
രണ്ടാം പകുതിയിലും ഗോകുലം സമ്മര്‍ദം ചെലുത്തുന്നത് തുടര്‍ന്നെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. 54ആം മിനുറ്റില്‍ ഫിറ്റോ സഹതാരം പ്രവിറ്റോ രാജുവിന് പന്ത് നല്‍കി. രാജുവിന്റെ ആദ്യ ഷോട്ട് വിഗ്നേശ്വരന്‍ തടുത്തെങ്കിലും റീബൗണ്ട് രാജു ഗോളാക്കി മാറ്റി. 77ആം മിനുറ്റില്‍ ശ്രീറാമിന്റെ ഗോളോടെ മൂന്നുഗോള്‍ മുന്‍തൂക്കവുമായി ചെന്നൈ സിറ്റി എഫ്.സി ജയമുറപ്പിച്ചു.
ഇതോടെ സടകുടഞ്ഞെഴുന്നേറ്റ ഗോകുലം കേരള എഫ്.സി അവസാന മിനുറ്റുകളില്‍ ചെന്നൈ ഗോള്‍ മുഖം വിറപ്പിച്ചു. 81, 90 മിനുറ്റുകളില്‍ ഗോള്‍ നേടി ഷിബില്‍ മുഹമ്മദ് സ്‌കോര്‍ നില 2-3ആക്കി മാറ്റി. പരിക്കേറ്റ് ഗോളി വിഗ്നേശ്വരന്‍ ഭാസ്‌കരനെ ആംബുലന്‍സില്‍ കൊണ്ടുപോവുകയും ഹരൂണ്‍ അമിരിയും മുഹമ്മദ് ഇര്‍ഷാദും ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തതോടെ അവസാന മിനുറ്റുകളില്‍ എട്ടുപേരായാണ് ഗോകുലം കളിച്ചത്. ചെന്നൈ സിറ്റി എഫ്.സിയുടെ മഷൂര്‍ ഷെരീഫും ഇഞ്ചുറി ടൈമില്‍ തന്നെയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.
കളിതീരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍കേ ഗോകുലം കേരളയുടെ ഹരൂണ്‍ അമിരയും മുഹമ്മദ് റാഷിദും ചുവപ്പ് കാര്‍ഡ് കണ്ടതും അവര്‍ക്ക് തിരിച്ചടിയായി. പ്രതിരോധത്തിലെ പ്രധാനികളായി ഇവര്‍ക്ക് ഈസ്റ്റ് ബംഗാളിനെതിരായ ഗോകുലത്തിന്റെ അടുത്തമത്സരത്തില്‍ കളിക്കാനാവില്ല.