എഫ്.എ കപ്പ്; വോള്‍വ്‌സിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം റൗണ്ടില്‍
കളി ജയിച്ചെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റാഷ്‌ഫോര്‍ഡിന് പരിക്കേറ്റത് യുണൈറ്റഡിന് തലവേദനയായി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഞായറാഴ്ച്ച നേരിടുമ്പോള്‍ റാഷ്‌ഫോര്‍ഡ് കളിക്കുമെന്ന് ഉറപ്പില്ല...
എഫ്.എ കപ്പ് മൂന്നാം റൗണ്ടില്‍ വോള്‍വ്‌സിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം റൗണ്ടിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്ററിന്റെ ജയം. ആദ്യ കളിയില്‍ ഇരുടീമുകളും സമനില പാലിച്ചിരുന്നു.
67ആം മിനുറ്റില്‍ യുവാന്‍ മാറ്റയാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. മാര്‍ഷ്യലിന്റെ പാസില്‍ നിന്ന് ബ്രേക്ക് ചെയ്ത് കുതിച്ച മാറ്റ ചിപ് ചെയ്ത് ബോള്‍ വലയിലെത്തിക്കുകയായിരുന്നു. കളി ജയിച്ചെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് പരിക്കേറ്റത് യുണൈറ്റഡിന് തിരിച്ചടിയായി.
64ആം മിനുറ്റിലാണ് പരിക്ക് പൂര്‍ണ്ണമായും മാറാത്ത റാഷ്‌ഫോര്‍ഡിനെ ഇറക്കി സോള്‍ഷ്യാര്‍ ഭാഗ്യപരീക്ഷണം നടത്തിയത്. 67ാം മിനുറ്റില്‍ മാറ്റയുടെ ഗോളിന് പിന്തുണ നല്‍കി റാഷ്‌ഫോര്‍ഡ് നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ 79ആം മിനുറ്റില്‍ വോള്‍ഫ്‌സ് മാറ്റ് ഡോഹര്‍ത്തിയുമായി കൂട്ടിയിടിച്ച റാഷ്‌ഫോര്‍ഡിനെ പിന്‍വലിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിര്‍ബന്ധിതരായി.
ഞായറാഴ്ച്ച ലിവര്‍പൂളിനെതിരായ നിര്‍ണ്ണായക ചാമ്പ്യന്‍സ് ലീഗ് മത്സരം ഇതോട റാഷ്‌ഫോര്‍ഡിന് നഷ്ടമാകുമെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. 19 ഗോളുകളുമായി സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടോസ് സ്‌കോററാണ് റാഷ്‌ഫോര്‍ഡ്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നേരിടുമ്പോള്‍ റാഷ്‌ഫോര്‍ഡ് ഇല്ലെങ്കില്‍ അത് കുറച്ചൊന്നുമല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അലട്ടുക.
പ്രീമിയര്‍ ലീഗില്‍ ഇക്കുറി കളിച്ച 21ല്‍ 20 ജയിച്ച ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാത്രമായിരുന്നു സമനില വഴങ്ങിയിരുന്നത്. റാഷ്‌ഫോര്‍ഡിനെ ഇറക്കിയത് തിരിച്ചടിയായെന്ന് പിന്നീട് സോള്‍ഷ്യാര്‍ തന്നെ സമ്മതിക്കുകയും ചെയ്തു.