മോഹന്‍ ബഗാനും എ.ടി.കെയും ലയിച്ചു
അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ മാത്രമാവും ടീം പങ്കെടുക്കുക...
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐ ലീഗ് ഐ.എസ്.എല്‍ ക്ലബുകളായ മോഹന്‍ ബഗാനും എ.ടി.കെയും ലയിച്ചു. ഇന്നലെ വൈകീട്ട് കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ആസ്ഥാനത്താണ് ഉടമകള്‍ ലയന തീരുമാനം പ്രഖ്യാപിച്ചത്. 2020-21 സീസണില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറുന്ന പുതിയ ക്ലബ് അടുത്ത ജൂണ്‍ മുതലാവും ഒരു ടീമായി മാറുക.
എ.ടി.കെ ഉടമകളായ ആര്‍.പി.എസ്.ജി ഗ്രൂപ്പാണ് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരു ക്ലബുകളും വരുന്ന ജൂണ്‍ മുതല്‍ ഒരുമിച്ച് ഒറ്റ ക്ലബായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇതോടെ അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ മാത്രമാവും ടീം പങ്കെടുക്കുക. എ.ടി.കെ മോഹന്‍ ബഗാന്‍ എന്നാകും പുതിയ ക്ലബിന്റെ പേര്.
ആര്‍.പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പിന്(ആര്‍.പി.എസ്.ജി) 80 ശതമാനം ഓഹരിയാണ് പുതിയ ക്ലബിലുണ്ടാവുക. മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബ് പ്രൈവറ്റ് ലിമിറ്റഡിന് 20 ശതമാനം ഓഹരികളുമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡില്‍ മോഹന്‍ ബഗാന് രണ്ട് പ്രതിനിധികള്‍ മാത്രമേ ഉണ്ടാകൂ. അതേസമയം മോഹന്‍ ബഗാന്റെ മൈതാനവും ഡ്രെസിംങ് റൂമും തുടങ്ങി മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഒന്നിലും പുതിയ കമ്പനിക്ക് ഉടമസ്ഥാവകാശമുണ്ടാകില്ല.
1889 ല്‍ തുടക്കം കുറിച്ച മോഹന്‍ ബഗാന്‍ ഇന്ത്യയിലെ ഏറ്റവും വലുതും ആരാധക പിന്തുണയുള്ളതുമായ ടീമാണ്. നാല് തവണ ദേശീയ ലീഗ് കിരീടം സ്വന്തമാക്കിയ ടീം 16 ഡ്യൂറന്‍ഡ് കപ്പുകളും 14 ഫെഡറേഷന്‍ കപ്പുകളുമടക്കം രാജ്യത്തെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിരവധി തവണ വിജയിച്ചിട്ടുണ്ട്. 214ല്‍ തുടക്കമായ ഐ.എസ്.എല്ലിലെ ആദ്യ കിരീട ജേതാക്കളാണ് എ.ടി.കെ. ഐ.എസ്.എല്ലിലെ വമ്പന്‍ ക്ലബുകളിലൊന്നായ ടീമിന് 2016ലും ചാമ്പ്യന്മാരാകാന്‍ സാധിച്ചു.