‘ഫേര്‍ഗുസന്റെ കാലത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാവുക അസാധ്യം’
സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 13 തവണയാണ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയത്...
അലക്‌സ് ഫെര്‍ഗുസന്റെ കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പുലര്‍ത്തിയിരുന്ന അപ്രമാദിത്വം ഏതെങ്കിലും ടീമിന് ആവര്‍ത്തിക്കുക അസാധ്യമാണെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്. 1992-93 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായ ഫെര്‍ഗൂസന്‍ 20 വര്‍ഷത്തോളമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജരായി തിളങ്ങിയത്. ഇക്കാലത്ത് 13 തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു.
തിളങ്ങി നില്‍ക്കുന്ന കാലത്തും യുണൈറ്റഡ് 4-0ത്തിനോ 5-0ത്തിനോ അധികം കളികള്‍ ജയിച്ചിരുന്നില്ല. ഞങ്ങളും സീസണില്‍ ഭൂരിഭാഗം കളികളും 1-0, 2-1 തുടങ്ങിയ സ്‌കോറുകള്‍ക്കാണ് ജയിച്ചത്. എല്ലാവര്‍ഷവും ഈ പോരാട്ടം തുടരാന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമംക്ലോപ്
ക്ലോപ് ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ഉയര്‍ത്തുമോ എന്ന് ആശങ്കയുണ്ടെന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന പ്രകടനമാണ് ക്ലോപ്പ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ നടത്തുന്നത്. സീസണില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാള്‍ 14 പോയിന്റിന്റെ മുന്‍തൂക്കമുണ്ട് ക്ലോപിന്റെ ലിവര്‍പൂളിന്.
കാലം മാറിയെന്നും ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും ക്ലബുകള്‍ക്ക് തുടര്‍ച്ചയായി വിജയിക്കാനാവില്ലെന്നുമാണ് ക്ലോപ്പിന്റെ നിരീക്ഷണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 90കളിലും 2000ത്തിന്റെ തുടക്കത്തിലും ലിവര്‍പൂള്‍ എഴുപതുകളിലും എണ്‍പതുകളിലും പുലര്‍ത്തിയിരുന്ന മേധാവിത്വം ഇനി ഒരു ക്ലബിനും പ്രീമിയര്‍ ലീഗില്‍ സാധ്യമല്ലെന്നാണ് ക്ലോപ് പറയുന്നത്.
ये à¤à¥€ पà¥�ें- ലിവര്‍പൂളിനെ ആര് തോല്‍പിക്കും?
'സത്യസന്ധമായി പറഞ്ഞാല്‍, അത് ഇനി സാധ്യമാകില്ല. അത്തരം മേധാവിത്വങ്ങളുടെ കാലം കഴിഞ്ഞു. ഫുട്‌ബോള്‍ ആകെ മാറി. ഓരോ ക്ലബുകളുടേയും ശേഷി മാറി. ഞങ്ങള്‍ ഈ സീസണില്‍ ചില മികച്ച തീരുമാനങ്ങളെടുത്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റു ടീമുകള്‍ക്കും ഇതേ സാധ്യതകളുണ്ട്.
ഓരോ സീസണിലും പുതിയ കളിക്കാര്‍ ഉയര്‍ന്നുവരുന്നു. ഒരു മിഡ്ഫീല്‍ഡര്‍ ഉയര്‍ന്നുവന്നാല്‍, ഏതെങ്കിലും ടീം ഒഴിവാക്കിയാലും മറ്റു ടീമുകള്‍ ആവശ്യക്കാരായി വരും. തൊട്ടടുത്ത സീസണില്‍ ഇതേ കളിക്കാരന്‍ പരിസരത്തെങ്ങും ഉണ്ടാവുകപോലുമില്ല. അത്തരം ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞതാണ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ്' ക്ലോപ് ബ്രീട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിളങ്ങി നില്‍ക്കുന്ന കാലത്തും യുണൈറ്റഡ് 4-0ത്തിനോ 5-0ത്തിനോ അധികം കളികള്‍ ജയിച്ചതായി എനിക്ക് തോന്നുന്നില്ല. എങ്കില്‍ പോലും യുണൈറ്റഡിന്റെ വിജയങ്ങള്‍ പ്രതീക്ഷിക്കാവുന്നതായിരുന്നു. ഞങ്ങളും സീസണില്‍ ഭൂരിഭാഗം കളികളും 1-0, 2-1 തുടങ്ങിയ സ്‌കോറുകള്‍ക്കാണ് ജയിച്ചത്. എല്ലാവര്‍ഷവും ഈ പോരാട്ടം തുടരാന്‍ തന്നെയാണ് ഞങ്ങളുടെ ശ്രമമെന്നും ക്ലോപ് ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ സീസണില്‍ രണ്ടാമത് ഫിനിഷ് ചെയ്ത ലിവര്‍പൂള്‍ ഇത്തവണ അപരാജിതകുതിപ്പാണ് നടത്തുന്നത്. 21 കളികളില്‍ 20ഉം ജയിച്ച ക്ലോപ്പിന്റെ ചുവപ്പന്മാര്‍ ഒന്നില്‍ മാത്രമാണ് സമനില വഴങ്ങിയത്. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായിട്ടായിരുന്നു. ഇന്ന് രാത്രി അതേ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ലിവര്‍പൂള്‍ കൊമ്പുകോര്‍ക്കുന്നുണ്ട്.