അഴ്‌സണലിന് നാടകീയ സമനില, സിറ്റിക്ക് ജയം
കളി തീരാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് പത്തുപേരായി കളിച്ച അഴ്‌സണല്‍ ചെല്‍സിയെ സമനില പിടിച്ചത്...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്തുപേരായി ചുരുങ്ങിയിട്ടും ചെല്‍സിയെ 2-2ന് സമനിലയില്‍ പിടിച്ച് അഴ്‌സണല്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ മറികടക്കാനുള്ള വിദൂരസാധ്യത നിലനിര്‍ത്തി. ബേണ്‍മൗത്തും സത്താംപ്ടണും അസ്റ്റണ്‍ വില്ലയും വിജയിച്ചപ്പോള്‍ എവര്‍ട്ടണ്‍ ന്യൂകാസില്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
84ആം മിനുറ്റില്‍ 2-1ന്റെ ലീഡെടുത്തതോടെ കളി ജയിച്ചെന്നായിരുന്നു ചെല്‍സി കരുതിയത്. എന്നാല്‍ 26ആം മിനുറ്റ് മുതല്‍ പത്തുപേരായി ചുരുങ്ങിയിരുന്നെങ്കിലും തിരിച്ചടിക്കാനുള്ള ഊര്‍ജ്ജം അപ്പോഴും ഗണ്ണേഴ്‌സിന് ബാക്കിയുണ്ടായിരുന്നു. കളി തീരാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ ഹെക്ടര്‍ ബെല്ലെരിനിലൂടെ അഴ്‌സണല്‍ സമനില പിടിച്ചു.
കിരീടം നിലനിര്‍ത്തുകയെന്ന വിദൂരസാധ്യത മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ കെടാതെ കാത്തു. സീസണില്‍ മികച്ച ഫോമിലുള്ള ഷെഫീല്‍ഡ് ആദ്യപകുതി ഗോള്‍ രഹിതമാക്കുന്നതില്‍ വിജയിച്ചു. വെറ്ററന്‍ താരം അഗ്യൂറോയുടെ വരവാണ് കളിയില്‍ നിര്‍ണ്ണായകമായത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അഗ്യൂറോ ആറ് മിനുറ്റിനകം സിറ്റിക്കായി വിജയഗോളും നേടി. മൂന്ന് കളികളില്‍ നിന്നും ആറാമത്തെ ഗോളാണ് അര്‍ജന്റീന താരം നേടിയത്.
ജയത്തോടെ 24 കളികളില്‍ നിന്നും 51 പോയിന്റുമായി രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റി തുടരുകയാണ്. മൂന്നാമതുള്ള ലെസ്റ്ററിനേക്കാള്‍ ആറ് പോയിന്റ് മുന്‍തൂക്കം സിറ്റിക്കുണ്ട്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 22 കളികളില്‍ നിന്നും 64 പോയിന്റുണ്ട്.
മറ്റു മത്സരഫലങ്ങള്‍: ബേണ്‍മൗത്ത് 3-1 ബ്രിങ്ടണ്‍, അസ്റ്റണ്‍വില്ല 2-1 വാറ്റ്‌ഫോര്‍ഡ്, ക്രിസ്റ്റല്‍ പാലസ് 0-2 സൗത്താംപ്ടണ്‍, ഷെഫീല്‍ഡ് യുണൈറ്റഡ് 0-1 മാഞ്ചസ്റ്റര്‍ സിറ്റി.