മൂന്നാം നിര ക്ലബിനോട് പരിക്കുസമയത്ത് രക്ഷപ്പെട്ട് ബാഴ്‌സലോണ
സൂപ്പര്‍ താരം മെസിയും പിക്വെയും ഇല്ലാതെ കളിക്കാനിറങ്ങിയ ബാഴ്‌സലോണയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമായിരുന്നു യുഡി ഇബിസ നടത്തിയത്...
കോപ ഡെല്‍റേയില്‍ 30 തവണ ചാമ്പ്യന്മാരായിട്ടുണ്ട് ബാഴ്‌സലോണ. കഴിഞ്ഞ ആറ് സീസണില്‍ അഞ്ചിലും കിരീടം അവര്‍ തന്നെ നേടി. ഈ പെരുമകളൊക്കെയുമായിട്ടാണ് മൂന്നാം നിര ക്ലബായ യുഡി ഇബിസക്കെതിരെ അവര്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഒമ്പതാം മിനുറ്റില്‍ ഇബിസ ലീഡെടുടുത്തു.
ലയണല്‍ മെസിക്കും ജെറാര്‍ഡ് പിക്വേക്കും വിശ്രമം അനുവദിച്ച ബാഴ്‌സ ഗ്രീസ്മാനെയാണ് ആക്രമണത്തിന്റെ ചുമതല മുഴുവനായും ഏല്‍പിച്ചത്. ഒമ്പതാം മിനുറ്റില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹീറോയായിക്കൊണ്ട് ഇബിസ താരം ജാവി പെരസിന്റെ ഗോള്‍. ഇതിനൊരു മറുപടിക്കായി 72ആം മിനുറ്റുവരെ ബാഴ്‌സലോണ കാത്തിരിക്കേണ്ടി വന്നു. അത്രയും സമയം കാന്‍ മിസെസ് സ്‌റ്റേഡിയത്തില്‍ ഇബിസ ആരാധകരുടെ കാര്‍ണിവെല്ലായിരുന്നു.
സമനിലയുടെ ഭീതിയിലായ ബാഴ്‌സലോണയുടെ രക്ഷകനായി പരിക്ക് സമയത്ത് ഗ്രീസ്മാന്‍ തന്നെ അവതരിച്ചു. 94ആം മിനുറ്റില്‍ ഗ്രീസ്മാന്റെ ഇടംകാല്‍ കൊണ്ടുള്ള മറ്റൊരു ക്ലിനിക്കല്‍ ഫിനിഷില്‍ കളി ബാഴ്‌സലോണ സ്വന്തമാക്കി.
ये à¤à¥€ पà¥�ें- ഫൈനല്‍ സ്വപ്‌നം തകര്‍ത്തത് ഞങ്ങളുടെ കുട്ടിക്കളി, ഏറ്റുപറഞ്ഞ് മെസി
ആദ്യമായി കോപ ഡെല്‍റേയില്‍ കളിക്കാനിറങ്ങിയ ഇബിസ രണ്ടും കല്‍പിച്ചായിരുന്നു ബാഴ്‌സക്കെതിരെ കളിച്ചത്. ഭൂരിഭാഗം സമയവും പന്ത് ബാഴ്‌സലോണയുടെ(78%) കൈവശമായിരുന്നെങ്കിലും ഷോട്ടുകളിലും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിലും ബാഴ്‌സലോണക്കൊപ്പം തന്നെ അവര്‍ നിന്നു. 23 ഫൗളുകളാണ് ഇബിസ ബാഴ്‌സലോണ താരങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്.
പുതിയ പരിശീലകന്‍ സെറ്റിയന് കീഴില്‍ ബാഴ്‌സലോണയുടെ രണ്ടാം വിജയമാണിത്. സെറ്റിയനൊപ്പം ബാഴ്‌സലോണയില്‍ മൂന്ന് വര്‍ഷം കളിച്ചിട്ടുള്ള പാബ്ലോ അല്‍ഫാരോയായിരുന്നു ഇബിസയുടെ പരിശീലകന്‍.