തോറ്റകാലം മറന്നു, വോള്‍വ്സും കടന്ന് ലിവര്‍പൂള്‍
സീസണില്‍ ഇതുവരെ കളിച്ച 23ല്‍ 22ഉം ലിവര്‍പൂള്‍ ജയിച്ചു. ഒന്നില്‍ മാത്രം സമനില. ഇതുവരെ തോല്‍വി അറിഞ്ഞിട്ടുമില്ല...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെയുള്ള ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 14-ാമത്തെ ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്.
ഈ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡില്‍ ചെല്‍സിക്ക് ഒപ്പവുമെത്തി. എട്ടാം മിനുറ്റില്‍ ജോര്‍ദാന്‍ ഹെന്‍ഡേര്‍സനിലൂടെ ലിവര്‍പൂളാണ് മുന്നിലെത്തിയത്. എന്നാല്‍ 51ാം മിനുറ്റില്‍ റൗള്‍ ഹിമമെനസ് വോള്‍വ്‌സിനായി സമനില നേടി. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ വഴങ്ങുന്ന ആദ്യ ഗോളാണിത്. കളിയുടെ 84-ാം മിനുറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്.
ജയത്തിനിടയിലും വോള്‍വ്‌സ് വിങര്‍ അഡാമ ട്രോറിനെ അഭിനന്ദിക്കാനും ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ് മറന്നില്ല. എതിരാളികളെ നിസഹായരാക്കുന്ന പ്രകടനമാണ് 23കാരനായ ട്രോര്‍ നടത്തിയതെന്നാണ് ക്ലോപ് പറഞ്ഞത്. വോള്‍വ്‌സിന്റെ ഏകഗോള്‍ പിറന്നതും ട്രോറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു. ബാഴ്‌സലോണ ക്യാമ്പില്‍ നിന്നുള്ള ട്രോര്‍ സീസണില്‍ ഇതുവരെ നാലുഗോളുകള്‍ അടിക്കുകയും ഏഴെണ്ണത്തിന് അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
23 കളികളില്‍ നിന്ന് 67 പോയിന്റുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയിന്റ് മുന്നിലാണ് ലിവര്‍പൂള്‍.