കറബാവോ കപ്പ്: യുണൈറ്റഡിനോട് തോറ്റിട്ടും മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍
ആദ്യ പാദത്തിലെ മികച്ച വിജയമാണ് രണ്ടാം പാദത്തില്‍ യുണൈറ്റഡിനോട് ഒരു ഗോളിന് തോറ്റിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുണയായത്...
കറബാവോ കപ്പ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. എന്നാല്‍ ആദ്യ പാദത്തിലെ മികച്ച വിജയത്തിന്റെ കണക്കില്‍ 3-2ന്റെ ആകെ മുന്‍തൂക്കവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലിലെത്തി. ആസ്റ്റണ്‍ വില്ലയാണ് കലാശപ്പോരാട്ടത്തില്‍ സിറ്റിയുടെ എതിരാളികള്‍.
പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-1ന് തോല്‍പിച്ചിരുന്നു. ഈ രണ്ട് ഗോള്‍ മുന്‍തൂക്കമാണ് സിറ്റിയെ രക്ഷിച്ചത്. രണ്ടാം പാദത്തില്‍ ഈ മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ സിറ്റി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗയുടെ മിന്നും ഫോം യുണൈറ്റഡിനെ കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ സഹായിക്കുകയായിരുന്നു.
35ആം മിനുറ്റില്‍ റെഡ് ഡെവിള്‍സിനുവേണ്ടി മാറ്റിക് ഗോള്‍ അടിച്ചതോടെ മറ്റൊരു തിരിച്ചുവരവിന്റെ കൂടി സാധ്യത തെളിഞ്ഞിരുന്നു. ഫ്രഡിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു നെമാന്‍ജ മാറ്റികിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ കളി നിയന്ത്രിച്ചത് സിറ്റിയായിരുന്നെങ്കിലും റഹീം സ്റ്റെര്‍ലിംങും സെര്‍ജിയോ അഗ്യൂറോയും നിരവധി അവസരങ്ങള്‍ പാഴാക്കിയതോടെ അവര്‍ക്ക് യുണൈറ്റഡ് ഗോള്‍ വല ചലിപ്പിക്കാനായില്ല.
76ആം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാറ്റിക് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതോടെ അവര്‍ പത്തു പേരിലേക്ക് ചുരുങ്ങി. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശം വീണ്ടും ഉറച്ചു. മാര്‍ച്ച് ഒന്നിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ല ഫൈനല്‍. ലെസ്റ്ററിനെ രണ്ട് പാദത്തിലുമായി 3-2ന് തോല്‍പിച്ചാണ് അസ്റ്റണ്‍ വില്ല ഫൈനലിലെത്തിയത്.