ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ മുക്കി ചെന്നൈയിന്‍ എഫ്.സി
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോട് 6-3നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്...
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിന്‍ എഫ്.സി 6-3നാണ് തോല്‍പിച്ചത്.
ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഗ്‌ബെച്ചെ ഹാട്രിക് നേടി. ചെന്നൈയിന്‍ എഫ്.സിയുടെ റാഫേല്‍ ക്രിവെല്ലാരോയും വല്‍സ്‌കിസും ലാലിയന്‍സുവാല ചാങ്‌തെയും രണ്ട് ഗോള്‍ വീതം നേടി.
റാഫേല്‍ ക്രിവെല്ലാരോയുടെ രണ്ട് ഗോളുകളും(39', 45+1') വല്‍സ്‌കിസിന്റെ 45ാം മിനുറ്റിലെ ഗോളും അടക്കം മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയാണ് ചെന്നൈയിന്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. ആറ് ഗോളുകളാണ് രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
48, 65, 76 മിനുറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഗോളുകള്‍. ലാലിയന്‍സുവാല 59, 80 മിനുറ്റുകളില്‍ ചെന്നൈയിനായി ഗോളുകള്‍ നേടിയതോടെ അവര്‍ 5-3ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് വല്‍സ്‌കിസിന്റെ ഗോളോടെ ചെന്നൈയിന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തിയ ചെന്നൈയിന്‍ എഫ്.സി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 14 കളികളില്‍ നിന്നും 21 പോയിന്റാണ് ചെന്നൈയിനുള്ളത്. 15 കളികളില്‍ നിന്നും 14 പോയിന്റുമായി എട്ടാമതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.