മെസി അന്‍സു കൂട്ടുകെട്ടില്‍ ബാഴ്‌സക്ക് ജയം
ലാലിഗ പോയിന്റ് നിലയില്‍ റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്നുപോയിന്റായി കുറക്കാനും ബാഴ്‌സക്കായി.
കൗമാര താരം അന്‍സു ഫാട്ടി മെസിക്കൊപ്പം തിളങ്ങിയ മത്സരത്തില്‍ ബാഴ്‌സലോണക്ക് ലെവന്റെക്കെതിരെ ജയം. അന്‍സുവിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ 2-1നായിരുന്നു നൗകാമ്പില്‍ ബാഴ്‌സ ജയിച്ചത്. ഇതോടെ ലാലിഗ പോയിന്റ് നിലയില്‍ റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്നുപോയിന്റായി കുറക്കാനും ബാഴ്‌സക്കായി.
മുപ്പതാം മിനുറ്റില്‍ നേടിയ ഗോളോടെ ബാഴ്‌സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററാകാനും 17കാരന്‍ അന്‍സു ഫാട്ടിക്കായി. മെസിയുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു അന്‍സുവിന്റെ ഗോള്‍. ലെവെന്റെ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെയായിരുന്നു അന്‍സുവിന്റെ ഷോട്ട് ഗോളിലേക്ക് പാഞ്ഞത്.
തൊട്ടടുത്ത മിനുറ്റില്‍ വീണ്ടും മെസിയുടെ പാസില്‍ നിന്നും ഗോളടിച്ച് അന്‍സു തന്നെ ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാംപകുതിയുടെ പരിക്ക് സമയത്തായിരുന്നു ലെവന്റെയുടെ മറുപടി ഗോള്‍. നേരത്തെ ഹോം മാച്ചില്‍ ബാഴ്‌സലോണയെ 3-1ന് തോല്‍പിച്ചിരുന്ന ലെവന്റെയുടെ ലാ ലിഗയിലെ തുര്‍ച്ചയായ നാലാം തോല്‍വിയാണിത്. നൗകാമ്പില്‍ ലെവന്റെക്കെതിരെ ബാഴ്‌സ നേടുന്ന 14ആമത്തെ തുടര്‍ജയവും.