ബാഴ്‌സലോണയുടെ പാളയത്തില്‍ പട
ബാഴ്‌സലോണ സ്‌പോര്‍ട്ടിംങ് ഡയറക്ടറും മുന്‍ കളിക്കാരനുമായ എറിക് അബിഡാലിനെതിരെ സൂപ്പര്‍താരം ലയണല്‍ മെസി തന്നെ പരസ്യമായി രംഗത്തെത്തി...
ബാഴ്‌സലോണ കളിക്കാരില്‍ പലരും മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദക്കു കീഴില്‍ അധ്വാനിച്ചു കളിച്ചിരുന്നില്ലെന്ന വിമര്‍ശനവുമായി സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാല്‍. ഇതിനെതിരെ മെസി തന്നെ പരസ്യമായി രംഗത്തെത്തി. സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ തയ്യാറാകണമെന്നും കളിക്കാരെ വിമര്‍ശിക്കുമ്പോള്‍ പേരെടുത്ത് പറയാനുള്ള ധൈര്യം കാണിക്കണമെന്നുമാണ് മെസി തുറന്നടിച്ചത്.
സെറ്റിയനാണ് നിലവില്‍ ബാഴ്‌സയുടെ പരിശീലകന്‍. സ്പാനിഷ് ന്യൂസ് പേപ്പര്‍ ഡയറിയോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അബിദാലിന്റെ വിവാദ പരാമര്‍ശങ്ങള്‍. ലാ ലിഗയില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സീസണിന്റെ പാതി സമയത്ത് പരിശീലകനെ എന്തുകൊണ്ട് പുറത്താക്കിയെന്നായിരുന്നു ചോദ്യം. കഴിഞ്ഞ ജനുവരിയിലാണ് ബാഴ്‌സലോണ പരിശീലകനായിരുന്ന വാല്‍വര്‍ദെയെ അബിദാലും ക്ലബ് പ്രസിഡന്റ് യോസഫ് മരിയ ബര്‍ട്ടമോവും ചേര്‍ന്ന് പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നത്.
'ആഭ്യന്തരമായി പലപ്രശ്‌നങ്ങളുമുണ്ടായിരുന്നു. കളിക്കാരില്‍ പലരും തൃപ്തരായിരുന്നില്ല. വാല്‍വെര്‍ദെക്ക് കീഴില്‍ പലരും അധ്വാനിച്ചുകളിക്കാന്‍ തയ്യാറായില്ല. പരിശീലകനും കളിക്കാരും തമ്മിലുള്ള ബന്ധം എപ്പോഴും മികച്ചതായിരിക്കണം. മുന്‍ കളിക്കാരനെന്ന നിലയില്‍ ആ ബന്ധത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും എനിക്ക് മനസിലാകും. വാല്‍വെര്‍ദെയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സമയമായെന്ന് ക്ലബ് അധികൃതരോട് പറഞ്ഞത് ഞാനാണ്' എന്നായിരുന്നു അബിദാലിന്റെ മറുപടി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അബിദാലിന് മെസി മറുപടി നല്‍കിയത്. 'സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ല. സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം. കളിക്കളത്തില്‍ നടക്കുന്ന എല്ലാത്തിനും കളിക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. കളി മികച്ചതല്ലെങ്കില്‍ ആദ്യം തിരിച്ചറിയുന്നത് കളിക്കാര്‍ക്ക് തന്നെയാണ്. സ്‌പോര്‍ട്സ് വകുപ്പ് തലവന്‍ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.
കളിക്കാരെക്കുറിച്ച് പറയുമ്പോള്‍ പേരെടുത്ത് പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് എല്ലാവരേയും ബാധിക്കും. തെറ്റായ പല പ്രചരണങ്ങള്‍ക്കും അതിടയാക്കും' എന്നും മെസി വ്യക്തമാക്കി.
2007 മുതല്‍ 2013 വരെ ബാഴ്‌സലോണയില്‍ സഹതാരങ്ങലായിരുന്നു മെസിയും അബിദാലും. 2018 ജൂണ്‍ മുതല്‍ ഫ്രഞ്ച് പ്രതിരോധക്കാരന്‍ ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിംങ് ഡയറക്ടറാണ്. പരിശീലകനെ പുറത്താക്കിയത് മാത്രമല്ല ബാഴ്‌സലോണക്കായി പുതിയ മുന്നേറ്റക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നും വിമര്‍ശങ്ങള്‍ക്കു നടുവിലാണ് അബിദാല്‍.
മുന്നേറ്റക്കാരനെ കൊണ്ടുവരാന്‍ ഫണ്ട് ശേഖരിക്കാനെന്ന പേരില്‍ ക്ലബ് കാര്‍ലോസ് പെരസിനേയും അബേല്‍ റൂയിസിനേയും വിറ്റിരുന്നു. നെയ്മറുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയും മറ്റു താരങ്ങളുമായി കരാറിലെത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ബാഴ്‌സ ബുദ്ധിമുട്ടില്ലായി. ഡെംബലെക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടമായതും പരിക്കും ഫോമില്ലായ്മയും സുവാരസിനെ വലക്കുന്നതും ബാഴ്‌സലോണക്കും അബിദാലിനും കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.