എഫ്.എ കപ്പില്‍ സണ്ണിന്റെ ‘ഡൈവിംങ്’ പെനല്‍റ്റി ടോട്ടന്നത്തെ രക്ഷിച്ചു
മികച്ച ടീമായ ടോട്ടന്നം ജയം അര്‍ഹിക്കുന്നുവെന്നും എന്നാല്‍ നന്നായി കളിച്ചത് സൗത്താംപ്ടണാണെന്നുമായിരുന്നു യോസെ മൗറീന്യോ പ്രതികരിച്ചത്...
എഫ്.എ കപ്പ് നാലാം റൗണ്ടില്‍ 1-2ന് പിന്നില്‍ നിന്ന ശേഷം ടോട്ടന്നം ജയിച്ചു കയറി. 87ആം മിനുറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ നേടിയ പെനല്‍റ്റി ഗോളിന്റെ ബലത്തിലാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 3-2ന് സൗത്താംപ്ടണെ തോല്‍പിച്ചത്. മാര്‍ച്ച് ആറിന് നടക്കുന്ന അഞ്ചാം റൗണ്ട് മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയാണ് ടോട്ടന്നത്തിന്റെ എതിരാളികള്‍.
12ആം മിനുറ്റില്‍ ജാക് സ്‌റ്റെഫാന്‍സിന്റെ സെല്‍ഫ് ഗോളിലൂടെ ടോട്ടന്നമാണ് മുന്നിലെത്തിയത്. എന്നാല്‍ 34ആം മിനുറ്റില്‍ ഷാനെ ലോങും 72ആം മിനുറ്റില്‍ ഡാനി ഇങ്‌സും നേടിയ ഗോളുകളിലൂടെ സൗത്താംപ്ടണ്‍ 2-1ന് മുന്നിലെത്തി. 78ആം മിനുറ്റില്‍ ലൂക്കസ് മൗറയിലൂടെ സമനില പിടിച്ച ടോട്ടന്നത്തെ രക്ഷിച്ചത് സണ്‍ ആയിരുന്നു.
കളി തീരാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍കേയാണ് സണ്ണിന്റെ വിവാദ ഗോള്‍ വരുന്നത്. ദക്ഷിണകൊറിയന്‍ താരം പെനല്‍റ്റിക്കുവേണ്ടി വീഴ്ച്ച അഭിനയിക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. വാര്‍ പരിശോധ നടന്നെങ്കിലും ഇപ്പോഴും സണ്ണിന്റെ വീഴ്ച്ച മനപൂര്‍വ്വമായിരുന്നുവെന്ന് കരുതുന്നവര്‍ നിരവധി. സൗത്താംപ്ടണ്‍ ഗോളിയുടെ വലതു കൈ സണ്ണിനെ തൊടുന്നുണ്ടെങ്കിലും ആ വീഴ്ച്ചക്ക് അഭിനയമായിരുന്നുവെന്നാണ് ആരോപണം.
ഈ ഭാഗ്യഗോള്‍ കൂടി കണക്കിലെടുത്താകണം സൗത്താംപ്ടണ്‍ നന്നായി കളിച്ചെങ്കിലും ജയം മികച്ച ടീമായ ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നുവെന്ന് ടോട്ടന്നം പരിശീലകന്‍ മൗറീന്യോയെക്കൊണ്ട് പറയിപ്പിച്ചത്.