കാറപകടത്തില്‍ മരിച്ച മലയാളി ആരാധകന് ആദരാഞ്ജലികള്‍ അര്‍പിച്ച് എ.എസ് റോമ
മരണത്തോട് മല്ലടിച്ച് നിക്കോള്‍സ് കിടക്കുമ്പോള്‍ എ.എസ് റോമയുടെ കളിക്കാര്‍ അടക്കം എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന സന്ദേശങ്ങള്‍ അയച്ചിരുന്നു...
കാറപകടത്തില്‍ മരിച്ച മലയാളി ആരാധകന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ എ.എസ് റോമയുടെ ആദരം. റോമില്‍ വെച്ചുണ്ടായ കാറപകടത്തിലാണ് 21കാരനും മലയാളിയുമായ നിക്കോളസ് കണ്ടത്തിപ്പറമ്പില്‍ നിര്യാതനായത്. എറണാകുളം സ്വദേശിയുടേയും കോട്ടയംകാരിയുടേയും മകനായ നിക്കോളസ് ജനിച്ചതും വളര്‍ന്നതുമെല്ലാം റോമിലായിരുന്നു. എ.എസ് റോമയുടെ കട്ടഫാനായ നിക്കോളസിന് ക്ലബ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ആദരാഞ്ജലികള്‍ അര്‍പിച്ചിരിക്കുന്നത്.
നെതര്‍ലണ്ടില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന നിക്കോള്‍സ് അവധിയില്‍ റോമിലെത്തിയപ്പോഴായിരുന്നു അപകടം. എ.എസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ പേജും നിക്കോള്‍സിന് ആദരം രേഖപ്പെടുത്തിയിട്ടുണ്ട്.
എ.എസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ ക്ലബില്‍ അടക്കം സജീവ സാന്നിധ്യമായിരുന്നു നിക്കോള്‍സും ബന്ധുവായ ജെറിയും. എ.എസ് റോമയുടെ പരമാവധി കളികള്‍ നേരിട്ട് കണ്ടിരുന്ന നിക്കോള്‍സിന്റെ ഏറ്റവും പ്രിയ കളിക്കാരന്‍ ഫ്രാന്‍സിസ്‌കോ ടോട്ടിയായിരുന്നു. മണിക്കൂറുകളോളം ഫുട്‌ബോളിനെക്കുറിച്ച് സംസാരിച്ചാലും ഞങ്ങള്‍ക്ക് മതിയാവില്ലായിരുന്നുവെന്നാണ് ജെറി പിന്നീട് പറഞ്ഞത്.
കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം നിക്കോള്‍സ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടന്നിരുന്നു. മരണത്തോട് മല്ലടിച്ച് നിക്കോള്‍സ് കിടക്കുമ്പോള്‍ എ.എസ് റോമയുടെ കളിക്കാര്‍ അടക്കം എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന സന്ദേശങ്ങള്‍ അയച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം നിക്കോള്‍സിനെ എ.എസ് റോമയുടെ പരിശീലന സെഷന്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.