ലൗത്താറോയെ തരാം, പക്ഷേ... ഇന്റർ മിലാൻ ബാഴ്‌സയോട് പകരം ചോദിക്കുന്നത് സൂപ്പർ താരത്തെ

111 ദശലക്ഷം യൂറോ ആണ് ലൗത്താറോയുടെ റിലീസ് വ്യവസ്ഥ പ്രകാരമുള്ള തുക. ഇത്രയും തുക ഒറ്റയടിച്ച് ചെലവഴിക്കാൻ ബാഴ്‌സയെ യുവേഫയുടെ സാമ്പത്തിക നയം അനുവദിക്കുന്നില്ല.

Update: 2020-02-15 14:44 GMT
22-കാരനെ ഇന്റർ മിലാനിൽ നിന്ന് ക്യാംപ് നൗവിലെത്തിക്കാൻ സൂപ്പർതാരം ലയണൽ മെസ്സിക്കും പ്രത്യേക താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ

അർജന്റീനക്കാരൻ യുവ സ്‌ട്രൈക്കർ ലൗത്താറോ മാർട്ടിനസ് ബാഴ്‌സലോണയുടെ കണ്ണിൽ ഉടക്കിയിട്ട് കാലം കുറച്ചായി. സീരി എയിൽ ഗോളടിച്ചു കൂട്ടുന്ന 22-കാരനെ ഇന്റർ മിലാനിൽ നിന്ന് ക്യാംപ് നൗവിലെത്തിക്കാൻ സൂപ്പർതാരം ലയണൽ മെസ്സിക്കും പ്രത്യേക താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വേനൽ ട്രാൻസ്ഫറിൽ ലൗത്താറോയെ കൊണ്ടുവരാൻ വേണ്ടി മാനേജ്‌മെന്റ് ശക്തമായ ശ്രമം തന്നെ നടത്തുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്നാണ് സൂചന. അതിനിടയിലാണ്, ലൗത്താറോയെ തരാം പക്ഷേ, പകരം ആന്റോയ്ൻ ഗ്രീസ്മനെ നൽകണമെന്ന ആവശ്യം ഇന്റർ ഉയർത്തുന്നത്.

ഇറ്റാലിയൻ പത്രമായ ടുട്ടോസ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ലൗത്താറോയെ വിട്ടുനൽകണമെങ്കിൽ ഗ്രീസ്മനെ നൽകിയേ തീരൂ എന്നാണ് ഇന്ററിന്റെ തീരുമാനം. 111 ദശലക്ഷം യൂറോ ആണ് ലൗത്താറോയുടെ റിലീസ് വ്യവസ്ഥ പ്രകാരമുള്ള തുക. ഇത്രയും തുക ഒറ്റയടിച്ച് ചെലവഴിക്കാൻ ബാഴ്‌സയെ യുവേഫയുടെ സാമ്പത്തിക നയം അനുവദിക്കുന്നില്ല. അതിനാൽ, പകരം കളിക്കാരെ നൽകി ലൗത്താറോടെ വാങ്ങാനാണ് ബാഴ്‌സ തീരുമാനം.

Advertising
Advertising

ചിലിയൻ മിഡ്ഫീൽഡർ അർതുറോ വിദാൽ, യുവതാരം കാർലസ് അലിന്യ എന്നിവരെയാണ് ലൗത്താറോക്ക് പകരം നൽകാനായി ബാഴ്‌സ കണ്ടുവെച്ചിരുന്നത്. എന്നാൽ, ഇവരെ വേണ്ട പകരം ഗ്രീസ്മനെ മതിയെന്നാണ് ഇന്റർ പറയുന്നത്. അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് വൻ തുകയ്ക്ക് ബാഴ്‌സ വാങ്ങിയ ഗ്രീസ്മന് ഇതുവരെ മെസ്സിയുമായി സിങ്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. മിന്നും ഫോമിലുള്ള തങ്ങളുടെ സ്‌ട്രൈക്കർ റൊമേലു ലുകാകുവിനൊപ്പം ഗ്രീസ്മനെ കളിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇന്റർ കോച്ച് ആന്റോണിയോ കോന്റെ കണക്കുകൂട്ടുന്നു. ഗ്രീസ്മനെ കിട്ടിയില്ലെങ്കിൽ, വായ്പാടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിൽ കളിക്കുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിന്യോയിലും ഇന്ററിന് കണ്ണുണ്ട്. പക്ഷേ, കുട്ടിന്യോയെ ബയേൺ വാങ്ങാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, സൂപ്പർ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിൽ ബാഴ്‌സ ഉറച്ചുനിൽക്കുന്നതിനാൽ ഗ്രീസ്മന്റെ ഭാവി ചോദ്യചിഹ്നമാവുകയാണ്. ലൗത്താറോയും നെയ്മറും എത്തിയാൽ മുൻനിരയിൽ ഗ്രീസ്മന്റെ അവസരങ്ങൾ ഇപ്പോഴുള്ളതിലും കുറയും. അതു മുൻകൂട്ടിക്കണ്ട് ബാഴ്‌സ താരത്തെ ഇന്ററിന് കൈമാറാൻ ഇടയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News