കരബാവോ കപ്പ്: സിറ്റിക് ഹാട്രിക് കിരീടം
നിലവിലെ ചാമ്പ്യന്മാരെങ്കിലും പ്രീമിയര്‍ ലീഗില്‍ കിരീട സാധ്യത തീരെ മങ്ങിയ സിറ്റിക്ക് ആശ്വാസമാണ് ഈ ജയം.
ഇംഗ്ലീഷ് കാരബാവോ കപ്പ് തുടര്‍ച്ചയായി മൂന്നാം തവണയും സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആസ്റ്റന്‍ വില്ലയെ 2-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിച്ചത്. അഗ്യൂറോ(20'), റോഡ്രി(30') എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ അസ്റ്റന്‍ വില്ലയുടെ ആശ്വാസഗോള്‍ 41ആം മിനുറ്റില്‍ സമാറ്റ നേടി.
നിലവിലെ ചാമ്പ്യന്മാരെങ്കിലും പ്രീമിയര്‍ ലീഗില്‍ കിരീട സാധ്യത തീരെ മങ്ങിയ സിറ്റിക്ക് ആശ്വാസമാണ് ഈ ജയം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 4-2-3-1 ഫോര്‍മേഷനിലാണ് സിറ്റി കളത്തിലിറങ്ങിയത്. ഇതേ ഫോര്‍മേഷന്‍ പിന്തുടര്‍ന്ന് ആസ്റ്റന്‍ വില്ല കളി പിടിക്കാന്‍ നോക്കിയെങ്കിലും ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളെ മറികടക്കാനായില്ല. പന്തടക്കത്തിലും(70%) ഗോള്‍ ശ്രമങ്ങളിലും(22) പാസിലും അടക്കം കളിയുടെ സര്‍വ്വമേഖലയിലും മുന്‍തൂക്കം സിറ്റിക്കായിരുന്നു. വില്ലയുടെ മികച്ച പ്രതിരോധനമാണ് സിറ്റിയുടെ വന്‍ ജയത്തെ തടഞ്ഞത്.
ഇംഗ്ലണ്ടിലെ അവസാന ഒമ്പത് ആഭ്യന്തര ടൂര്‍ണ്ണമെന്റുകളില്‍ എട്ട് തവണയും സിറ്റിയാണ് കിരീടം ചൂടിയത്. 2017-18 സീസണിലെ എഫ്.എ കപ്പ് ചെല്‍സി നേടിയത് മാത്രമാണ് അപവാദം. അവസാന മൂന്ന് സീസണുകളില്‍ ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഗ്വാര്‍ഡിയോളക്കു കീഴിലുള്ള സിറ്റിയുടെ സ്ഥിരതയാര്‍ന്ന പ്രകടനം കാണിക്കുന്നതാണിത്.
അഴ്‌സണലിനെ തോല്‍പിച്ച് 2018ല്‍ കരബാവോ കപ്പ് സ്വന്തമാക്കിയതിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയുടേയും പെപ് ഗ്വാര്‍ഡിയോളയുടേയും തേരോട്ടമാണ് ഇംഗ്ലീഷ് ഫുട്‌ബോളില്‍ കണ്ടത്. പിന്നീട് നടന്ന 11 കിരീടങ്ങളില്‍ എട്ടും നേടിയത് സിറ്റിയായിരുന്നു. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇതില്‍ പെടും.