എഡേഴ്‌സന്റെ പിഴവുകള്‍ക്ക് വലിയ വില നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയെ 2-0ത്തിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പിച്ചത്...
മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സീസണിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ആന്റണി മാര്‍ഷ്വല്‍, സ്‌കോട്ട് മക്ടോമിന എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
2009-10 സീസണ് ശേഷം ആദ്യമായാണ് റെഡ് ഡെവിള്‍സ് സീസണിലെ രണ്ട് മത്സരത്തിലും സിറ്റിയെ തോല്‍പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സിറ്റി തോല്‍വി വഴങ്ങിയതോടെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. രണ്ട് മത്സരം കൂടി ജയിച്ചാല്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും.
മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സന്റെ പിഴവുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. തിരക്കിട്ട് എടുത്ത ഒരു ഫ്രീകിക്കിനൊടുവില്‍ ആന്‍ണി മാര്‍ഷ്യലിന്റെ ഷോട്ട് എഡേഴ്‌സന്റെ വലതുകയ്യുടെ തൊട്ടു താഴെക്കൂടിയാണ് വലയിലേക്ക് കയറിയത്. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത്(90+6') എഡേഴ്‌സണ്‍ എറിഞ്ഞുകൊടുത്ത പന്ത് സ്വീകരിച്ച യുണൈറ്റഡ് താരം സ്‌കോട്ട് മക് ടോമിനി നേരെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.